ലേഖകന്‍: അജയ്, പൂന്തോട്ടം, നീലംപേരൂര്‍
ആദി ദ്രാവിഡ സംസ്കാരത്തിന്റെ അവശേഷിപ്പുകളാണ് പടയണി. മനുഷ്യന്‍ കാര്‍ഷിക സമൂഹമായി പരിണമിച്ച കാലത്തില്‍ വിള കാക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്തുവാനും വിളവു ഇറക്കലും, വിളവു എടുപ്പും ഒരുമയുടെ ആഘോഷമായി കൊണ്ടാടുവാനും ശ്രമിച്ചിരുന്നു . പ്രാചീന കേരളത്തില്‍ , വിശിഷ്യ മധ്യ തിരുവിതാംകൂര്‍ പ്രദേശത്തെ, പത്തനംതിട്ട, കുട്ടനാട്, പ്രദേശങ്ങളിലെ പല നാടുകളും പടയണി ഗ്രാമങ്ങളായാണ് അറിയപ്പെട്ടിരുന്നത്. പടയണി വെട്ടം പോലെയുള്ള നാട്ടുപേരുകള്‍ ഇതിനു തെളിവാണ്.
ഉത്സവങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ കുറയുകയും വൈദിക വൃത്തികള്‍ പ്രാമുഖ്യം നേടുകയും ചെയ്തപ്പോള്‍ പലയിടത്തും പടയണി അന്യം നിന്നു . ഇന്നും പടയണി ഗ്രാമ ജീവിതത്തിന്റെ ഭാഗമായി നിലനിര്‍ത്തി പോരുന്ന ചില ഗ്രാമങ്ങളാണ് കടമ്മനിട്ടയും, ഓതറയും, നീലമ്പേരൂരും മറ്റും. പടയണി ഒരു അനുഷ്ഠാന കലയാണ്. അത് കാഴ്ചക്കാരനെ സന്തോഷിപ്പിയ്ക്കുന്നതിനു അപ്പുറം നാട് കാക്കുന്ന ദേവതയെ പ്രീതിപ്പെടുത്തുന്നതിനായി ചിട്ടപ്പെടുത്തിയ കര്‍ശനമായ ആചാര , അനുഷ്ഠാന ക്രമങ്ങളാല്‍ സംഘടിപ്പിയ്ക്കപ്പെട്ടതാണ്. പത്തനംതിട്ട ജില്ലയിലെ പടയണികള്‍ കമുകിന്‍ പാളയിലുള്ള കോലങ്ങള്‍ മനുഷ്യന്‍ കെട്ടിയാടുമ്പോള്‍ നീലമ്പേരൂര്‍ പടയണിയില്‍ കെട്ടുകാഴ്ചകള്‍ അമ്പല നടയില്‍ എഴുന്നള്ളിച്ചു കൊണ്ടാടുന്നു. എന്നാല്‍ പടയണിയുടെ അനുഷ്ഠാന ക്രമങ്ങളിലെ സമാനതകളാല്‍ ഇവ ഐക്യരൂപ്യം പ്രാപിയ്ക്കുന്നു .
നീലമ്പേരൂര്‍ പടയണി 16 രാവുകള്‍ നീണ്ടു നില്‍ക്കുന്നു. ഓണത്തിന്റെ പിറ്റെന്നാള്‍ അവിട്ടം നാളില്‍ ചൂട്ടിടീല്‍ എന്ന ചടങ്ങോടെയാണ് പടയണി ആരംഭിയ്ക്കുന്നത്. കരക്കാര്‍ തങ്ങളുടെ പുരയിടങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന ഓലചൂട്ടുകളിലേയ്ക്ക് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി നല്‍കുന്ന കനല്‍ ഊതി പിടിപ്പിയ്ക്കുന്ന ചടങ്ങാണ് ചൂട്ടിടീല്‍ . ക്ഷേത്ര ശ്രീകോവിലില്‍ നിന്നും ഭഗവതിയെ അഗ്നി സ്വരൂപിണിയായി മതില്‍കെട്ടിനു പുറത്തു കുടിയിരുത്തുന്നു എന്നതാണ് സങ്കല്പം. തുടര്‍ന്ന് കരനാഥന്‍ (ഇപ്പോള്‍ ദേവസ്വം പ്രേസിഡന്റ്റ് ) ക്ഷേത്ര മുന്‍വശത്ത് ചേരമാന്‍ പെരുമാളിന്റെ സ്മാരകത്തിന് മുന്‍പില്‍ അനുവാദം ചോദിയ്ക്കുന്നു. തുടര്‍ന്ന് കരക്കാര്‍ കൂക്കി വിളിയ്ക്കുകയും ആര്‍ത്തു വിളിയ്ക്കുകയും ചെയ്യുന്നതോടെ പടയണി ചടങ്ങുകള്‍ക്ക് തുടക്കമാകുന്നു.
ഒന്നാംഘട്ടം:
പടയണിക്ക് 4 ഘട്ടങ്ങള്‍ ആണ് ഉള്ളത്. ചൂട്ടിടീല്‍ തുടങ്ങി ആദ്യ 4 നാളുകള്‍ ചൂട്ടു പടയണി. കത്തിച്ച ചൂട്ടു കറ്റകള്‍ സാക്ഷിയാക്കി കരക്കാര്‍ കൂകിയും, ആര്‍ത്തും, ആദ്യ നാല് നാള്‍ പടയണി നടക്കുന്നു. നാലാം നാള്‍ പടയണിയില്‍ നിറ സാന്നിധ്യം ആയി പച്ച പ്രത്യക്ഷപ്പെടുന്നു. ചൂണ്ടപ്പനകൈ ആണ് ഇതിനു ഉപയോഗിക്കുന്നത്. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ക്ഷേത്ര മുന്‍വശത്തെ ആലിന് പ്രദക്ഷിണം വച്ചു പടയണി അവസാനിപ്പിയ്ക്കുന്ന ചടങ്ങില്‍ ചൂട്ടിനോപ്പം പനംകൈയും അകമ്പടി സേവിയ്ക്കും .
രണ്ടാം ഘട്ടം
തുടര്‍ന്ന് പടയണിയുടെ രണ്ടാം ഘട്ടം പച്ചയുടെ തുടര്‍ച്ചയായി നടത്തപ്പെടുന്നു. അഞ്ചാം നാളില്‍ പൂമരം . പൊന്നയ്യകമ്പില്‍ (പെരുമരം) ചെത്തിപൂക്കള്‍ കെട്ടിത്തൂക്കിയ ലളിതമായ നിര്‍മ്മിതിയാണ് പൂമരം . ആറാം നാളില്‍ പൊന്നയ്യ കൊമ്പിന്റെ ഇലകള്‍ മടക്കി അതില്‍ വട്ടയില കുത്തി മറച്ചു നിര്‍മ്മിയ്ക്കുന്ന തട്ടുകുട എഴുന്നള്ളിയ്ക്കുന്നു. ഏഴാം നാളില്‍ തെങ്ങിന്റെ മടന്തംപുളി വളച്ചു അതില്‍ പൂക്കള്‍ തൂക്കി നിര്‍മ്മിയ്ക്കുന്ന പാറാവളയം. എട്ടാം രാവില്‍ തെങ്ങിന്റെ മടന്തംപുളി വളച്ചു പൂക്കള്‍ തൂക്കി പൂന്‍കുടകള്‍ നിര്‍മ്മിയ്ക്കുന്നു. അന്ന് പടയണിയില്‍ ആദ്യമായി കുടംപൂജ, തോത്തകളി, എതിരേല്പ്പു, പാട്ടോട് കൂടിയ കോലം എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.
പടയണി കളത്തില്‍ ആഴി കൂട്ടി അതിനു ചുറ്റും നാട്ടുകാര്‍ വട്ടംകൂടി പുരാണ കഥകളെ അടിസ്ഥാനമാക്കി നാടന്‍ പാട്ടുകള്‍ പാടുന്നു. ഇലത്താളം മാത്രമേ ഇതിനു പശ്ചാത്തലം ആയി ഉപയോഗിക്കുന്നുള്ളൂ. പാട്ടിനിടയില്‍ തീ ...., തിത്തീ..തിത്തീ അയ്യത്താ, തിതൈതകതോ , തക തീയോ തകതോ താരോ തികൃതോ തൈ ....... എന്ന വാ ചൊല്ലില്‍ ഇറങ്ങി കളി എന്ന നൃത്ത ചുവടുകളും ഉണ്ടാകും. തുടര്‍ന്ന് കരനഥന്‍ ചേരമാന്‍ പെരുമാള്‍ സ്മാരകത്തിന് മുന്‍പിലെത്തി അനുവാദം വാങ്ങുകയും കരക്കാര്‍ ഹുയ്യോ,, കൂ കൂ എന്നീ ശബ്ദങ്ങളോടെ കൂകിയും, ആര്‍ത്തും വിളിക്കുകയും ചെയ്യുന്നു. അതിനു ശേഷം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പ്രത്യേക താളത്തില്‍ തോര്‍ത്ത് വീശി തോത്താ കളി നടത്തപ്പെടുന്നു. പടയണിയുടെ ഓരോ രാവിലും എഴുന്നള്ളിയ്ക്കേണ്ട കോലങ്ങള്‍ അടിയന്തിര കോലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് 5ആം നാള്‍ മുതല്‍ 8ആം നാള്‍ വരെ ഉള്ള അടിയന്തിര കോലങ്ങള്‍ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ നടയിലെത്തുന്നതോടെ 8 ആം നാളിലെ കുടനിര്‍ത്ത് എന്ന പടയണി ചടങ്ങ് അവസാനിയ്ക്കുന്നു. ഗോവര്‍ധന ഗിരി ഉയര്‍ത്തി കുടയക്കിയ ശ്രീകൃഷണ സ്മൃതികളിലാണ് കുടനിര്‍ത്ത് നടത്തുന്നത്. മൂന്നാം ഘട്ടം:
9ആം നാള്‍ മുതല്‍ 12ആം നാള്‍ വരെ പ്ലാവില കോലങ്ങള്‍ ആണ് പടയണിയിലെ അടിയന്തിര കോലങ്ങള്‍ . പടയണി യുടെ മൂന്നാം ഘട്ടം ആണിത്. പ്ലാവില ഈര്‍ക്കില്‍ ഉപയോഗിച്ച് കൂട്ടി കുത്തി പിച്ചാത്തി ഉപയോഗിച്ച് വാര്‍ന്നു നിര്‍മ്മിയ്ക്കുന്ന രൂപങ്ങളാണ് പ്ലാവില കോലങ്ങള്‍ . കമുകിന്‍ പാളയില്‍ നിര്‍മ്മിയ്ക്കുന്ന മുഖങ്ങളും, കമുകിന്‍ പൂങ്കുല, ചെത്തിപൂ മുതലായവ ഉപയോഗിച്ചുള്ള മോഡി പിടിപ്പിയ്ക്കലും പ്ലാവില കോലങ്ങളെ ആകര്‍ഷകങ്ങള്‍ ആക്കുന്നു.
9 ആം നാളില്‍ താപസന്റെ കോലമാണ് നിര്‍മ്മിയ്ക്കുന്നത്. കമുകിന്‍ പാള മുഖത്തിന് ചുറ്റും കമുകിന്‍ പൂക്കുല ഉപയോഗിച്ചുള്ള താടി പ്രകൃതി ജന്യ വിഭവങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്തിന് ഉത്തമ ഉദാഹരണം ആണ് .
10 ആം നാള്‍ ആനയാണ് അടിയന്തിര കോലം .11 ആം നാള്‍ ഹനുമാനും, 12 ആം നാള്‍ പ്ലാവിലനിര്‍ത്തിനു ഭീമനും അടിയന്തിര കോലം ആയി പ്രത്യക്ഷപ്പെടുന്നു. 9 ആം നാള്‍ മുതല്‍ 12ആം നാള്‍ വരെയുള്ള പ്ലാവില കോലങ്ങളുടെ എഴുന്നള്ളത്തോടെ പ്ലാവിലനിര്‍ത്ത് നടത്തപ്പെടുന്നു. അന്ന് കുടംപൂജ കളിയും തോത്താ കളിയും പടയണിക്ക് ഉണ്ടാകും.
നാലാം ഘട്ടം:
പിണ്ടിയും , കുരുത്തോലയും ആണ് നാലാം ഘട്ടം .13 ആം രാവില്‍ വാഴപ്പോളയില്‍ കൊടിക്കൂറ നിര്‍മ്മിയ്ക്കുന്നു. 14 ആം നാളില്‍ കുരുത്തോലയില്‍ മെടയുന്ന പിശാചാണ് അടിയന്തിര കോലം. നാള് നീക്കത്തെ തുടര്‍ന്ന് പടയണി ചില വര്‍ഷങ്ങളില്‍ 15 ദിവസമോ, 17ദിവസമോ ആകാറുണ്ട്. 15 ദിവസം ആണെങ്കില്‍ 13ആം രാവില്‍ കൊടിക്കൂറയും , പിശാചും ഒരുമിച്ചു എഴുന്നള്ളിയ്ക്കും. 17 ആണെങ്കില്‍ 13 , 14 ,ദിവസങ്ങളില്‍ കൊടിക്കൂറ തന്നെ എഴുന്നള്ളിയ്ക്കും. 15 ആം നാളില്‍ പിശാചിനെ എഴുന്നള്ളിയ്ക്കും.
15 ആം നാളില്‍ ആണ് മകം പടയണി. നാള് നീക്കത്തില്‍ മാറ്റം വരാറുണ്ട്. അമ്പലക്കോട്ട ആണ് അടിയന്തിര കോലം. അമ്പലത്തിന്റെ മാതൃകയില്‍ വാഴപ്പോളയില്‍ നിര്‍മ്മിയ്ക്കുന്ന രൂപമാണ് അമ്പലക്കോട്ട . അന്ന് കുടംപൂജ കളി, തോത്ത കളി, തുടങ്ങിയവ ഉണ്ടാകും. മകം നാളില്‍ വേലകളി എന്ന വിശേഷപ്പെട്ട ചടങ്ങ് നടത്തപ്പെടുന്നു. പടയണി കളത്തില്‍ അന്നം കെട്ട്കാഴ്ചകള്‍ പ്രത്യക്ഷപ്പെടുന്നത് മകം നാളില്‍ ആണ്. വേലകളിയുടെ പിന്നിലായി തുള്ളി കളിയ്ക്കുന്ന വേലയന്നങ്ങള്‍ കാര്‍ഷിക വൃത്തിയുടെ നേര്‍ കാഴ്ചകള്‍ ആണ്. അയ്യയ്യ തെതെതക തീതീ തക തെയ്തോ എന്ന വഞ്ചിപ്പാട്ട് താളത്തില്‍ അമ്പലക്കോട്ട നടയില്‍ എത്തുന്നതോടെ മകം പടയണിക്ക് സമാപനം ആകുന്നു.
പൂരം പടയണി
16 ആം നാളിലാണ് പള്ളി ഭഗവതിയുടെ പിറന്നാളായ പൂരം പടയണി . അന്നത്തെ അടിയന്തിര കോലം ദേവി വാഹനം ആയ സിംഹം ആണ്. താമര ഇലയും, വാഴപ്പോളയും, ചെത്തിപൂവും ഒരുക്കുന്ന വര്‍ണ്ണ വൈവിധ്യങ്ങളുടെ സമ്മേളനത്തില്‍ രാവണന്‍, ഭീമന്‍, യക്ഷി ,തുടങ്ങിയ കോലങ്ങളും അന്നം കെട്ടുകാഴ്ചകളും അമ്പല നടയില്‍ എഴുന്നള്ളുന്നു.
അഭീഷ്ട സിധിയ്ക്കായി ഭക്തര്‍ നേരുന്ന അരയന്നം കെട്ടുകാഴ്ചകളുടെ തൊഴീയ്ക്കലും ഇതോടൊപ്പം നടക്കുന്നു. ദേവീ വാഹനം ആയ സിംഹം നടയില്‍ എഴുന്നള്ളുമ്പോള്‍ താള മേളങ്ങളുടെ ഉച്ചസ്ഥായിയില്‍ ക്ഷേത്ര മുറ്റത്തെ അരയാല്‍ ചുറ്റി വരുന്ന പാനംകൈ പറിച്ചു ഉറഞ്ഞുതുള്ളി ഭക്തര്‍ പടയണിക്കളത്തില്‍ അടിച്ചു പടയണി സമാപിയ്ക്കുന്നു.
ആളൊഴിഞ്ഞ പടയണി പറമ്പില്‍ ആല്‍ച്ചുവട്ടില്‍ നോയമ്പ് എടുത്ത ആള്‍ വിളക്കിതിരിയും, ചോറും വൈക്കുന്നതോടെ പടയണി കളത്തില്‍ നിന്നും ഭഗവതി ശ്രീലകത്തെയ്ക്ക് മടങ്ങുന്നു.
വാ മൊഴിയുടെ പിന്‍ബലത്തില്‍ കാതില്‍ നിന്നും കാതിലേയ്ക്കും കയ്യില്‍ നിന്നും കയ്യിലേയ്ക്കും കൈമാറ്റം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ തീവ്രതയാണ് പടയണിയുടെ തനിമ നില നിര്‍ത്തുന്നത്. ഇന്നലെയില്‍ തുടങ്ങി ഇന്നിലൂടെ നാളെയിലേയ്ക്ക് ഒഴുകുന്ന ഒരു നദി പോലെ അത് തുടരുന്നു .





7 comments:
അജയ്, വളരെ നന്നായി എഴുതിയിരിക്കുന്നു.. വളരെ വിലപ്പെട്ട അറിവുകള്‍ പങ്കു വച്ചതിനു നന്ദി
A very good article to knew well about Neelamperoor Padayani Rituals. expecting
excellent article again with different themes.
Dear Mr.Ajay,
Good quality of writing .By conveing the padayani ritual by stage by stage is appreciable.please poke on with the interior beauty of padyani which is related to Flame(thi), rythem(thalam) and Almighty(positive energy). While reading through your nice article i beleive you would be able to justify the above mentioned suggestion with a qulaity driven article once again.
well done
Sreedharankutti P- Neelamperoor
Very good..readers of the site require such simple explanatory write ups
rather than serious or erudite articles..please write more on certain unique
aspects of this unique Padayani
അജയ് പൂന്തോട്ടത്തില്‍ എഴുതിയ ലേഖനം വളരെ നന്നായിട്ടുണ്ട്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
the article conveyed all the necessary information...really appreciable
Great Article. Thanx for sharing your knowledge.. Keep writing.
Post a Comment