ലേഖകന്‍: സജിത്, ശ്രീശക്തി, നീലംപേരൂര്‍
“നീലംപേരൂര്‍ പൂരം പടയണി ” ആണ്. പൂരം കെട്ടുകാഴ്ചകളുടെ ഉത്സവം ആണ്, പടയണി കോലങ്ങളുടെയും. കെട്ടുകാഴ്ചകള്‍ ത്രിമാന രൂപം നല്കുമ്പോള്‍ കോലങ്ങള്‍ ദ്വിമാന രൂപങ്ങള്‍ ആണ് നല്കുന്നത്. ഒന്ന് ശില്പകലയും മറ്റേതു ചിത്രകലയും. എന്നാല്‍ നീലംപെരൂരില്‍ ശില്പകലയും ചിത്രകലയും സമ്മേളിച്ചിരിക്കുന്നു. പ്രകൃതിയിലെ നിറങ്ങള്‍ അതേപടി ഉപയോഗിച്ചിരിക്കുന്നു. ഇത് മനുഷ്യനു ചായക്കൂട്ടുകള്‍ നിര്‍മ്മിക്കാന്‍ അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തില്‍ ഉത്ഭവിച്ചതാണെന്നുള്ളതിന് തെളിവാണ്.
പടയണി കോലങ്ങളില്‍ കാലഘട്ടത്തിന്‍റെതായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചുണ്ടിലും പൂവിലും കരിയുടെ കറുപ്പും, ചുണ്ണാമ്പിന്‍റെ വെളുപ്പും ചെങ്കല്ലിന്‍റെ ചുവപ്പില്‍ കോരിയിടുന്നു. ഇത് ചിത്രകലയുടെ ആദിമ രൂപം ആണ്. പടയണിയുടെ ശൈശവദശയില്‍ ഒരു പക്ഷെ വാഴപിണ്ടികൊണ്ടുള്ള ചുണ്ടും പൂവും ആയിരുന്നിരിക്കാം ഉപയോഗിച്ചിരുന്നത് . കലാഹൃദയവും ഒരു പേനാക്കത്തിയും ആണ് പൂരം പടയണിയുടെ അടിത്തറ. കലാകാരന് പൂ൪ണസ്വാത്രന്ത്യം തരുന്ന കോലങ്ങളും, ഒട്ടും വ്യതിചലിക്കാന്‍ പറ്റാത്ത നിറപണിയുള്ള അന്നങ്ങളും വിവിധ ഭാവങ്ങള്‍ നല്‍കുന്നു. അന്നത്തിന്‍റെ പണിയില്‍ സ്വാതന്ത്ര്യം വളരെ കുറവാണ്, ചിട്ടവട്ടങ്ങള്‍ ധാരാളം ഉണ്ട്. എന്നാല്‍ കോലങ്ങള്‍ പരിപൂ൪ണ സ്വാതന്ത്ര്യം കലാകാരന് നല്കുന്നു. നിറപണി ഇഷ്ടമുള്ള രീതിയില്‍ മനോഹമാക്കാം.
അന്നങ്ങള്‍ കെട്ടുകാഴ്ചകളുടെ ഗണത്തില്‍ പെടുമ്പോള്‍ പ്ലാവിലകോലങ്ങള്‍ കോലങ്ങളുടെ ഗണത്തില്‍ ആണ് വരുന്നത്. പ്ലാവിലയുടെ പച്ചയാണ് അടിസ്ഥാന നിറം. വാഴപ്പോളയ്ക്ക് പകരം കമുകിന്‍ പാളയുടെ വെള്ള ഉപയോഗിക്കുന്നു, ഇവിടെയും ചൂട്ടുവെട്ടത്തില്‍ മഞ്ഞതന്നെയാണ് ഉണ്ടാകുന്നത്. പ്ലാവിലകോലങ്ങള്‍ക്ക് ദ്വിമാനരൂപം മാത്രമാണുള്ളത്. താപസന്‍ , ആന, ഹനുമാന്‍, ഭീമന്‍, ശൂര്‍പണഖ, മത്സ്യം, രാവണന്‍, വള്ളം തുടങ്ങിയ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ ചെത്തിയും പാളയും ഉപയോഗിച്ച് ചിത്രപ്പണികള്‍ ചെയ്തു മനോഹരമാക്കുന്നു. ഇഷ്ടമുള്ള രീതിയില്‍ കോലത്തിനെ ഉണ്ടാക്കാന്‍ കലാകാരന് സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. ചമയങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താം. മുഖം ഇടത്തോട്ടു വരണം എന്നുമാത്രം. ദേവി ദര്‍ശനം നടത്തുമ്പോള്‍ ദേവിക്ക് അഭിമുഖം ആയി വേണം മുഖം നില്‍ക്കാന്‍, അതിനാലാണിത് .കെട്ടുകാഴ്ചകളുടെ പുറമെയുള്ള പണിയ്ക്ക് നിറപണി എന്നാണ് പറയുന്നത്, നിറപണിയില്‍ ഓരോ രൂപത്തിനും പേര് ഉണ്ട്, കന്നപ്പോള, തലേക്കെട്ട്, ചിറമ്പ് ,പൂചിറമ്പ്, കുലമൂടി, വന്നം, പണ്ടിവന്നം, അമ്പോറ്റിവന്നം, ചക്രവന്നം തുടങ്ങിയവ. കൊച്ചന്നത്തിന്‍റെ നിറപണിയെ അപേക്ഷിച്ച് വല്യന്നതിന്‍റെ നിറപണിയില്‍ ചില വ്യതാസങ്ങള്‍ ഉണ്ട്. വലിയ അന്നങ്ങള്‍ക്ക് അമ്പോറ്റിവന്നം കൂടുതലായി കാണാം, ഇതു ചെറിയ അന്നങ്ങളുടെ നിറപണിയില്‍ ഉപയോഗിക്കാറില്ല , സ്ഥലപരിമിതിയാണ് മുഖ്യ കാരണം. ഏറ്റവും വലിയ അന്നത്തിനു കഴുത്തില്‍ ചക്രവന്നം വയ്ക്കുന്നു , ഇതു പണ്ടിവന്നതിന്റെ അതെ മാതൃകയില്‍ തന്നെയാണ്. ഇതെല്ലാം ഉറപ്പിച്ചുനിര്‍ത്താന്‍ ഉപയോഗിക്കുന്നത് പച്ചീര്‍ക്കിലി തുണ്ടുകള്‍ ആണ്. അതിനു ആണി എന്ന് പറയും. വണ്ണമുള്ള ചുവടുഭാഗത്തിനെ ഇലയാണിയെന്നും വണ്ണംകുറഞ്ഞ തുമ്പുഭാഗത്തെ പൂവാണിയെന്നും. പടയണിയില്‍ ഓരോ നാടന്‍ വസ്തുവിനും അതിന്‍റെതായ പടയണി പേരുകള്‍ ഉണ്ട്.
കോലങ്ങള്‍ ആയ യക്ഷി , ഭീമന്‍, രാവണന്‍ തുടങ്ങിയവയില്‍ ഓരോ വര്‍ഷവും വ്യത്യസ്തമായ ചിത്രപണികള്‍ അല്ലെങ്കില്‍ ആശയങ്ങള്‍ കാണാം. ഇത് പണിയുന്ന കലാകാരന്മാരെ ആശ്രയിച്ചിരിക്കും. എന്തുതന്നെയായാലും അടിസ്ഥാന വസ്തുക്കളില്‍ മാറ്റം വരുത്താതെ എന്തുവേണമെങ്കിലും കലാകാരനു ചെയ്യാനുള്ള സ്വാതന്ത്ര്യം മറ്റു പടയണികളില്‍ ഉള്ളതായി അറിയില്ല.
നീലംപേരൂരില്‍ എല്ലാവരും കലാകാരന്മാര്‍ ആണ്, പടയണിക്കളത്തിലുള്ള എല്ലാവരും ഒരുപോലെ കഠിന പ്രയത്നം ചെയ്യുന്നു, ചിലര്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നു, മറ്റുചിലര്‍ അതിന്‍റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നു. കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഉത്തമ മാതൃകയാണ് പടയണി. നീലംപേരൂരിന്‍റെ മാത്രം പൂരം പടയണി..........
(ലേഖകന്‍ നീലംപേരൂരിലെ അറിയപ്പെടുന്ന ഒരു പടയണി കലാകാരന്‍ ആണ്. ആന, യക്ഷി, ഭീമന്‍ എന്നീ കോലങ്ങളില്‍ സജിത്തിന്‍റെ കലാവിരുത് ദൃശ്യമാണ്.)




4 comments:
Daer sajith, a very good article
sudhish g kaimal
Dear Mr.sajith,
Outstanding artist always got skill to delight the spectators. you proved that to the readers. Excellent
Sreedharnkutty P- neelamperoor
Excellent write up explaining the techniques and tricks used by the
artists since centuries,,generations.Sajith knows what he is writing.One
must attempt to write with thorough knowledge and insight. He is a real
asset to Padayani team.Kindly post whatever you have learnt from the elders
and practical experience on all other aspects of this enchanting
,captivating visual feast..only artists like you can cherish and treasure
this unique heritage Art form.Congrats
Good article...
Post a Comment