ലേഖ, പൂന്തോട്ടം, നീലംപേരൂര്‍
കേരളത്തിലെ ഒരു കൊച്ചു ഗ്രാമമായ നീലംപേരൂരില്‍ കാലങ്ങളായി നടന്നു വരുന്ന പൂരം പടയണി ഇന്ന് ആഗോള പ്രശസ്‌തി ആര്‍ജ്ജിച്ചിരിയ്ക്കുകയാണ് . ഒരു കൊച്ചു ഗ്രാമം നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന പടയണി എങ്ങനെ ഇത്ര വളര്‍ന്നു വലുതായി. ഇത് ഇവിടെ ജീവിച്ചിരുന്ന പഴയ തലമുറ ചെയ്ത സുകൃതമാണ്. അവരുടെ നിഷ്കളങ്കമായ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണ് പടയണി ഈ നിലയിലെത്തുവാന്‍ കാരണം.ഏതാണ്ട് 35വര്‍ഷത്തെ പടയണി അനുഭവങ്ങളുള്ള എന്റെ പടയണി സ്മരണകള്‍ തുടങ്ങുന്നത് എന്റെ പേരമ്മമാരായ അപ്പുറത്തമ്മയില്‍നിന്നും കാത്തമ്മയില്‍നിന്നും ആണ് . മനസ്സില്‍ ഭക്തിവിശ്വസങ്ങള്‍ നിറയ്ക്കുന്ന കഥകള്‍ പടയണിയെ കുറിച്ചും ദേവിയേകുറിച്ചും അവര്‍ പറഞ്ഞുതന്നിരുന്നു. പടയണി കഴിഞ്ഞും അറിയാതെ കിടന്നുറങ്ങിയവരെ വാര്‍പ്പിട്ടു മൂടിയതും വിളക്കിതിരിയും ചോറും വച്ചശേഷം പരീക്ഷിക്കാനിറങ്ങിയവരുടെ കണ്ണ് നഷ്ടപ്പെട്ടതും ഒക്കെ അവയില്‍ ചിലതുമാത്രം.
തിരുവോണത്തിന്റെ പിറ്റേന്ന് അവിട്ടത്തിനു ചൂട്ടിടീല്‍ ചടങ്ങ് നടന്നു കഴിയുമ്പോള്‍ മുതല്‍ കാത്തമ്മയ്ക്ക് ഉത്സാഹം ആകും. തൊട്ടടുത്ത് വാസു പണിക്കന്‍ അന്നം പണിയാന്‍ തുടങ്ങിയിട്ടുണ്ടാകും.അവിടെപോയി അന്നങ്ങളുടെ കണക്കു തിരക്കിയത്തിനു ശേഷം ഇത്തവണ ഇത്ര അന്നങ്ങള്‍ ഉണ്ട് എന്ന് അഭിമാനത്തോടെ വീട്ടില്‍വന്നു പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇടയ്ക്കിടെ വാസു പണിക്കന്‍റെ പണി പുരോഗതി നിരീക്ഷിയ്ക്കുവാന്‍ പേരമ്മയുടെ കൂടെ ഞാനും പോകും. അന്നതിന്റെ ചട്ടക്കൂട് പണിതു അത് ചട്ടത്തില്‍ ഉറപ്പിച്ചതിനു ശേഷം ഉടമസ്ഥന്‍ നടയ്ക്കു വയ്ക്കുന്നതിനൊക്കെ ഞങ്ങള്‍ കുട്ടികള്‍ സാക്ഷികളാണ്.
അതുപോലെ മൈതാനത് വല്യന്നങ്ങളും കോലങ്ങളും ഒക്കെ തയാറാക്കുന്ന തിരക്കില്‍ മുതിര്‍ന്നവരുണ്ടാകും. നീലമ്പേരൂര്‍ സ്കൂളില്‍ നടന്നുപോയി പഠിയ്ക്കുന്ന ഞങ്ങള്‍ കുട്ടികള്‍ പോകുമ്പോഴും,വരുമ്പോഴും മൈതാനത്ത് അല്‍പ്പനേരം തങ്ങും. ചൂട്ടിനായി മൈതാനത് വിരിചിട്ടിരിയ്ക്കുന്ന ഓല മടലുകളില്‍ കൂടി ഓടുക, വാഴക്കച്ചിയ്ക്കിടയില്‍ പാത്തിരിയ്ക്കുക തുടങ്ങിയവ ആയിരുന്നു ഞങ്ങളുടെ ഇഷ്ട വിനോദങ്ങള്‍ . ഈര ,കുറിച്ചി , തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മുതിര്‍ന്നവര്‍ ഏറെ കഷ്ടപ്പെട്ട് ശേഖരിച്ചു കൊണ്ടുവരുന്നവയാണ് ഈ ഓല മടലുകള്‍. പക്ഷെ അതൊന്നും ഞങ്ങള്‍ക്ക് ബാധകം അല്ല. ഞങ്ങള്‍ക്ക് അവ കളിപ്പാട്ടങ്ങള്‍ മാത്രം. പക്ഷെ അവ ഉണങ്ങി കഴിയുമ്പോള്‍ ചൂട്ടു കറ്റ ആയി തെറുക്കുവാന്‍ ഞങ്ങളും കൂടും.
കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേശവചേട്ടന്‍ അടിയന്തിര കോലം ഒരുക്കുന്നത് ശ്രദ്ധയില്‍ പെടുക. അപ്പോള്‍ ഊട്ടുപുരയിലെക്കോടും. അവിടെ പൂമരവും,തട്ടുകുടയും, പ്ലാവിലയില്‍ തീര്‍ക്കുന്ന ഭീമനും ഹനുമാനും ഒക്കെ വിസ്മയ കാഴ്ചകള്‍ ആയി.

ചൂട്ടിടീല്‍ കഴിഞ്ഞുള്ള എട്ടാമത്തെ ദിവസം കുടനിര്‍ത്താണ്. ഒരു ചെറിയ പൂരം തന്നെ. രാത്രിയില്‍ കുടംപൂജകളിയുണ്ട്. പക്ഷെ ഞാനും, ചേട്ടനും, അനിയന്മാരും ഒക്കെ ഉറക്കം പിടിച്ചിരിയ്ക്കും. അമ്മയും, പേരമ്മയുംകൂടി ഞങ്ങളെ വിളിച്ചുണര്‍ത്തും. സങ്കടത്തോടെയും,ദേഷ്യത്തോടെയും ഞങ്ങള്‍ അവരോടൊപ്പം അമ്പല മൈതാനത് എത്തും. മൈതാനത്ത് എത്തിയാല്‍ ഞങ്ങള്‍ ഉഷാറാകും. കാര്‍ത്തികേയന്‍ ചേട്ടന്‍ കൂട്ടിയ ആഴിക്കു ചുറ്റുമായി നാട്ടുകാര്‍ നില്‍ക്കുന്നു. തന്നാനെയ് തന്നേയ് തിനനെയ് ......, കൃഷ്ണചെട്ടന്റെ ശബ്ദം ഉയര്‍ന്നു പൊങ്ങുന്നു. അതോടൊപ്പം ഉച്ചസ്ഥായിയില്‍ ഇലത്താളത്തിന്റെ ശബ്ദവും. പാലാഴിയില്‍ പാല് കുടിയ്ക്കാന്‍ പോയ ഗണപതിയെ സ്തുതിയ്ക്കുന്നതിനിടെ തീ തിതിത്തി തിത്തി അയ്യത്താ .....,വായ്ത്താരി കടന്നു വരുന്നു. അതിനനുസരിച്ച് ആഴിയ്ക്ക് ചുറ്റും ചുവടു വയ്ക്കുന്ന പുരുഷന്മാരും, ആണ്‍കുട്ടികളും. ഇറങ്ങിക്കളിയിലെ വ്യത്യസ്ത ശൈലിയുമായി ചന്ദ്രുചേട്ടന്‍, വിജയന്‍, നാരായണന്‍ ചേട്ടന്‍ തുടങ്ങിയവരുണ്ട്. ഇതൊക്കെ കണ്ടു രസിച്ചു നില്‍ക്കുമ്പോള്‍ കുടംപൂജ കളിയുടെ സമാപനം കുറിച്ച് കൃഷ്ണചേട്ടന്റെ കലാശക്കൊട്ടു. അപ്പോള്‍ കാത്തമ്മ ഞങ്ങളെ ചേരമാന്‍ പെരുമാള്‍ മണ്ഡപത്തിനു അടുത്തേയ്ക്ക് കൊണ്ടുപോകും. അനുവാദം വാങ്ങാന്‍ പോവുകയാണ്, ശബ്ദം ഉണ്ടാക്കാതെ ഇരിയ്ക്കണം എന്നൊരു താക്കീതും തരും. ശ്വാസം അടക്കിപിടിച്ചു നില്‍ക്കും. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. കുന്നക്കാട്ടെ ചിറ്റപ്പന്‍ ദേവിയെ തൊഴുതതിനു ശേഷം പെരുമാളിന്റെ മണ്ഡപത്തിലേക്ക് സാവധാനം നീങ്ങുന്നു. പെരുമാളിനോട് അനുവാദം വാങ്ങിച്ചു തിരിയുമ്പോള്‍ ഹുയ്യോ എന്ന ആരവം. അറിയാതെ ഞെട്ടി പോകും. പിന്നീട് ഗോപിചേട്ടന്റെ കൂ കൂ വിളിയുടെ ഒടുവില്‍ ഉയര്‍ന്നു താഴുന്ന ചെമ്പന്റെ ചെണ്ടയുടെ ശബ്ദം.
ഇത്തക തീ തോ ......,എന്ന താളത്തിലേക്ക് ചെണ്ട നീങ്ങുമ്പോള്‍ തോര്‍ത്തുകള്‍ അതിനനുസരിച്ച് ചലിപ്പിയ്ക്കുകയായി. തോത്ത കളിയ്ക്ക് അണി നിരന്നവര്‍ . പതിഞ്ഞ കാലത്തില്‍ തുടങ്ങി ദ്രുത താളത്തിലേയ്ക്ക് കൊട്ടി കയറുമ്പോള്‍ അതിനനുസരിച്ച് തോര്‍ത്തിന്റെ ചലനവും മാറും. കണ്ടു നില്‍ക്കുമ്പോള്‍ ഉള്ളംകാലില്‍ കൂടി ആവേശം ഇങ്ങനെ കത്തിക്കയറും. ഒരു ആണായി ജനിച്ചില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ട നിമിഷങ്ങള്‍. തോത്ത കളിക്ക് ശേഷം തട്ടുകുടയും,പൂമരവും,പാറാ വളയവും ഒക്കെ ഉണ്ണിക്കണ്ണനെ സ്തുതിച്ചുകൊണ്ട് പടയണി കളത്തില്‍ എത്തുമ്പോള്‍ വല്യന്നം വന്നട ...., താളത്തില്‍ ആണ്‍ കുട്ടികളും പുരുഷന്മാരും നൃത്തം വയ്ക്കും. വീണ്ടും പെണ്ണായി ജനിച്ചതില്‍ ഉള്ള സങ്കടം തോന്നുന്ന നിമിഷം. പനയോല ആലിനെ പ്രദക്ഷിണം ചെയ്തു തിരികെ വരുമ്പോള്‍ കുട നിര്‍ത്തിന് സമാപ്തി. ( തുടരും... )
(ലേഖക കോട്ടയം, കുറിച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഫിസിക്സ് പഠിപ്പിക്കുന്ന ഹൈസ്കൂള്‍ അദ്ധ്യാപികയാണ്.)

3 comments:
യഥാര്‍ത്ഥ അനുഭവക്കുറിപ്പ്. ലളിതമായ ഭാഷ. ഇതാണ് എല്ലാവരും വായിക്കാന്‍ ഇഷ്ടപ്പെടുന്നതും. ദുരഭിമാനം വെടിഞ്ഞ നിഷ്കളങ്കമായ മനസ്സില്‍ നിന്നെ ഇതുപോലുള്ള തുറന്ന അനുഭവങ്ങള്‍ വെളിപ്പെടുകയുള്ളൂ... ലേഖയ്ക്ക് പടയണി ടീമിന്‍റെ അഭിനന്ദനങ്ങള്‍ . എഴുത്ത് തുടരൂ....
A very nice article excellent
ലേഖ ചേച്ചി എഴുതിയ ബാല്യകാല സ്മരണകളിലൂടെ എന്ന ലേഖനം വളരെ നന്നായിട്ടുണ്ട്. ചേച്ചിയെപ്പോലെ പൂരം പടയണിയുടെ കൂടുതല്‍ അനുഭവങ്ങള്‍ ഉള്ളവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ദേവി ശരണം !
Post a Comment