22 July, 2010

ബാല്യകാല സ്മരണകള്‍ ( അവസാന ഭാഗം - നാല് )

ലേഖ, പൂന്തോട്ടം, നീലംപേരൂര്‍ 
ഒന്നും രണ്ടും മൂന്നും ഭാഗങ്ങള്‍ വായിച്ചിരിക്കുമല്ലോ? 

രാത്രിയായി... പടയണിയുടെ ചടങ്ങുകള്‍ ആരംഭിക്കുകയായി. പതിവ് ചടങ്ങുകള്‍ക്ക് ശേഷം പുത്തന്‍ അന്നങ്ങള്‍ ദേവിയുടെ നടയിലേക്കു വരവായി. വളരെ സമയം എന്താണ് ഒരന്നം തൊഴീയ്ക്കുന്നത്? ആകാംക്ഷ !  താഴെ മൈതാനത്ത് നിന്നും മുകളിലേയ്ക്ക് കയറി വരുവാന്‍ തന്നെ വളരെ സമയം എടുക്കും.അപ്പോഴത്തെ വിരസത അകറ്റി കൊണ്ട്  തോപ്പിലെ കുട്ടപ്പചേട്ടന്‍റെ  പെരുനിലപ്പാട്ട്  മുഴങ്ങി കേള്‍ക്കാം.

" ഭാരത ഖണ്ഡത്തില്‍ കേരള ഭൂമിയില്‍ ചാരുത ചേര്‍ന്നൊരു നീലമ്പേരൂര്‍." ഇങ്ങനെ തുടങ്ങുന്ന പെരുനിലപ്പാട്ട് കേള്‍ക്കാന്‍  വളരെ രസമാണ്. "വളരുന്ന തലമുറയ്ക്ക് അറിവേകി നിന്‍ പദ തളിരില്‍ വിശ്വാസം വളര്‍ത്തിടെണം. ദേവിയോട് കുട്ടപ്പചേട്ടന്‍റെ  അപേക്ഷയാണ്. എന്‍റെ  മനസ്സിനെ അന്നേ സ്പര്‍ശിച്ച വരികളാണ് ഇവ. സമ്പത്തും, സൌഭാഗ്യങ്ങളും ഒന്നുമല്ല , അറിവും, ദേവിയില്‍ ഉള്ള ഭക്തിയും ആണ് ഇവിടെ ആവശ്യപ്പെടുന്നത്. പുത്തന്‍ അന്നങ്ങളുടെ വരവ് കഴിഞ്ഞാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ ഏതാനും അന്നങ്ങളും  നടയില്‍ എത്തും. പുത്തന്‍ അന്നങ്ങള്‍ കുറവായിരുന്നതിനാല്‍  പഴയവ കൂടി എടുത്തെങ്കിലെ  ഒരു കൊഴുപ്പുണ്ടാകൂ.(ഇന്ന് സ്ഥിതി മാറി. പുത്തന്‍ അന്നങ്ങള്‍ എണ്ണത്തില്‍ ധാരാളം ആയി. ഒരെ സമയത്ത് ആറ് അന്നങ്ങള്‍ വീതം എടുത്താലെ പടയണി സമയത്ത് തീരൂ. എണ്‍പത് എണ്ണത്തോളം ഒരു വര്‍ഷം എടുക്കും. പിന്നീട് വരുന്ന അന്നങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റും).  


 പിന്നീട് എല്ലാവരും കാത്തിരിക്കുന്ന വല്യന്നത്തിന്‍റെ  വരവായി. ആലിന്‍ ചില്ലകളെ വകഞ്ഞു മാറ്റി  വല്യന്നം വരുന്നത് കണ്ടാല്‍ ആകാശത്ത് നിന്നും പറന്നു ഇറങ്ങുകയാണ് എന്നെ  തോന്നൂ.വല്യന്നം അന്ന് ജീവന്‍ ഉള്ള ഒന്നായിട്ടാണ് എനിയ്ക്ക്  തോന്നിയിരുന്നത്. കുളികഴിഞ്ഞു  ഈറന്‍ തലമുടി അഴിച്ചിട്ടു പൂമുഖത്ത് വന്നിരിയ്ക്കുന്ന തറവാട്ടമ്മ ആ പടയണി കളമാകെ അങ്ങനെ നോക്കി  കാണുകയാണ്. കണ്ണുകളില്‍ വാത്സല്യവും, ചുണ്ടുകളില്‍ പുഞ്ചിരിയും ഉണ്ടെന്നു തോന്നും. മൂന്നു പ്രാവശ്യം ദേവിയെ  തൊഴുതിട്ടു  കിഴക്കേ ആലിന്‍ ചുവട്ടിലേയ്ക്കു വല്യന്നം നീങ്ങുമ്പോള്‍ വളരെ ഏറെ  സങ്കടം  തോന്നിയിട്ടുണ്ട്. പിന്നീട് യക്ഷി, ഭീമന്‍, രാവണന്‍ ഒക്കെ വരികയായി. അടുത്ത  കാത്തിരിപ്പ്‌ ആനയുടെ വരവിനാണ്. നെറ്റിപ്പട്ടവും, മുത്തുക്കുടയും ചൂടി പപ്പാന്മാരാല്‍ നിയന്ത്രിയ്ക്കപ്പെട്ടു വരുന്ന ആന കുട്ടികള്‍ക്ക് വലിയ ആവേശം തന്നെ ആയിരുന്നു. ചെണ്ടയുടെ താളത്തിനൊത്ത്  അവന്‍റെ  ചെവി ആട്ടുന്നത്‌  കാണേണ്ടത് തന്നെ ആണ്. ആനയ്ക്ക് ശേഷം ആര്‍ത്തലച്ചു  വരുന്ന  നരസിംഹത്തെ  കണ്ടാല്‍ പേടി തോന്നും. 

നരസിംഹം പിന്‍വാങ്ങുമ്പോഴെയ്ക്കും  ആലിന് പ്രദക്ഷിണം വച്ചു പനയോലയുമായി  ആശാനും, ചൂട്ടുകറ്റയുമായി  കാര്‍ത്തികേയന്‍ ചേട്ടനും എത്തിയിരിയ്ക്കും. അതുവരെ തുള്ളി ക്ഷീണിച്ചവര്‍ ഈ പനയോല പറിച്ചെടുത്തു അതീവ ശക്തിയോടെ തുള്ളുകയായി. കാരണം പടയണി തീരുകയാണ്. ഇനി ഒരു വര്‍ഷം കാത്തിരിയ്ക്കണം പൂരം പടയണിക്ക്. അപ്പോള്‍ ചൂട്ടു നിലത്തടിയ്ക്കുന്നു. ഹുയ്യോ...ശബ്ദത്തോടെ തുള്ളലും അവസാനിച്ചു. എല്ലാവരും വീടുകളിലേയ്ക്ക് പോവുകയായി. കാരണം വിളക്കിതിരിയും,ചോറും വയ്ക്കുന്ന ചടങ്ങുണ്ട്. അതിനു മുന്‍പ്  എല്ലാവരും അവിടെ നിന്നു ഒഴിയണം. അതുവരെ തുള്ളിക്കൊണ്ടിരുന്ന എന്‍റെ സഹോദരന്മാരെ  തെരഞ്ഞു പിടിച്ചിട്ടുണ്ടായിരിയ്ക്കും. ദേഹം ആസകലം ചൂട്ടിന്‍റെ  കരി ആയിരിയ്ക്കും. വെടിമരുന്നിന്‍റെ  മണവും ഉണ്ടായിരിയ്ക്കും. എല്ലാവരെയും ഒരുമിച്ചു കൂട്ടി വീട്ടിലേയ്ക്ക് മടങ്ങാന്‍ ധൃതി ആയി. വീട്ടില്‍  ചെന്നാലുടന്‍ കിടന്നുറങ്ങണം. അതാണ്‌ നിയമം. 

ഇതോടുകൂടി  മുതിര്‍ന്നവരുടെ  പൂരം കഴിഞ്ഞു. പക്ഷെ, ഞങ്ങള്‍  കുട്ടികള്‍ക്ക് പൂരം ഇനിയും ബാക്കി. പിറ്റേന്ന് രാവിലെ തന്നെ അമ്പലത്തില്‍ എത്തും. നിരന്നു ഇരിയ്ക്കുന്ന അന്നങ്ങളുടെ പുറകില്‍ മുട്ട തപ്പുകയാണ്‌ ഒരു പ്രധാന വിനോദം. അന്നം മുട്ടയിട്ടിട്ടുണ്ട് എന്നാണ് ഞങ്ങള്‍ വിശ്വസിയ്ക്കുന്നത്. എല്ലാ അന്നങ്ങളുടെയും പുറകില്‍ തപ്പും. രാവണന്‍റെയും, ഭീമന്‍റെയും കോലങ്ങളില്‍  തൊട്ടു രസിക്കാം. ആനയുടെ  അടുത്തുനിന്നും കളിക്കാം. വല്യന്നത്തിന്‍റെ  ചട്ടത്തിലൂടെ ഓടാം. അങ്ങനെ രസിക്കുമ്പോഴായിരിക്കും കായിക്കര ശ്രീക്കുട്ടന്‍ മൈതാനത്ത്  മിച്ചം കിടക്കുന്ന വാഴപ്പിണ്ടി കൊണ്ട് അന്നം  ഉണ്ടാക്കുന്നത്‌. പിണ്ടിയില്‍ ശ്രീക്കുട്ടന്‍  മനോഹരമായ അന്നം ചെത്തി എടുക്കും. പിന്നീട്  അത് വച്ചുള്ള പടയണിയാണ്. പിന്നീട് അന്നത്തില്‍ കുത്തിയിരിക്കുന്ന ഇലയാണിയും, പൂവാണിയും ഒക്കെ ശേഖരിക്കും. ഇനി അത് ഈര്‍ക്കില്‍ മാത്രം ആണ്. അത് ശേഖരിച്ചു  വലിയൊരു  കെട്ടാക്കി  വീട്ടിലേക്കു  കൊണ്ടുവരും. മൈതാനത്ത് നിന്നു  ഇത് പെറുക്കി എടുക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ മത്സരം തന്നെ നടക്കും. 12 ദിവസം കഴിഞ്ഞു  ഈ അന്നങ്ങളും , കോലങ്ങളും എല്ലാം അഴിച്ചു ഊട്ടുപുരയില്‍  ആക്കുന്നത് വരെ  ഞങ്ങളുടെ  പൂരം  നീണ്ടു നില്‍ക്കും. എത്ര സന്തോഷകരം ആയിരുന്നു ആ ദിവസങ്ങള്‍ ഒക്കെ. നീലംപേരൂരില്‍  ജനിച്ചത്  കൊണ്ടല്ലേ  ഇത്ര ആസ്വാദ്യകരമായ ഒരു ബാല്യം ഉണ്ടായതു. കുട്ടികളായ  ഞങ്ങളുടെ ഇണക്കങ്ങളും, പിണക്കങ്ങളും, വിനോദവും, വിശ്രമവും ഒക്കെ  ഈ അമ്പലം കേന്ദ്രീകരിച്ചായിരുന്നു .അന്ന്  അമ്പലത്തില്‍ പോയിരുന്നതിന്‍റെ  പ്രധാന ഉദ്ദേശം  ദേവിയെ തൊഴുക എന്നതല്ല, അവിടുത്തെ ആ പച്ച പുല്‍ത്തകിടിയില്‍  ഓടിക്കളിയ്ക്കുക എന്നതായിരുന്നു. പഠനത്തിന്‍റെ  അമിത ഭാരം ഇല്ലാതെ മുതിര്‍ന്നവരുടെ ഉഗ്രശാസനകള്‍ ഇല്ലാതെ പള്ളിഭഗവതിയുടെ തിരുമുറ്റത്തു ഞങ്ങള്‍  ഞങ്ങളുടെ ബാല്യം ആഘോഷിച്ചു. അതുവഴി പൂരം പടയണി അവിസ്മരണീയമായ  അനുഭവം  ആയി മാറി. ശരീരത്തിലെ ഓരോ കോശങ്ങള്‍ കൊണ്ടും പടയണിയെ സ്വാംശീകരിക്കുവാന്‍ കഴിഞ്ഞു.

മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ വിലക്കുകളായി. പെണ്ണല്ലേ, അങ്ങനെ  പോകാന്‍ പാടില്ലല്ലോ, എങ്കിലും പടയണി ദിനങ്ങള്‍ എത്തുമ്പോള്‍ ഇപ്പോഴും മനസ്സുകൊണ്ട്  അമ്പല മൈതാനത്ത് ഉണ്ടാകും. അവിടുത്തെ ഓരോ പ്രവര്‍ത്തനങ്ങളിലും  മനസ്സുകൊണ്ട് ഭാഗഭാക്കാകും. പടയണി  വിട്ടൊരു ജീവിതം ഇല്ലല്ലോ നീലംപേരൂര്കാര്‍ക്ക്.  ഇനിയൊരു ജന്മം ഉണ്ടെങ്കിലും ഈ നീലംപേരൂര് തന്നെ ജനിയ്ക്കണമേ  എന്നാണു എന്‍റെ  പ്രാര്‍ത്ഥന.............
                                        
-ശുഭം- 

3 comments:

നീലംപേരൂര്‍ പടയണി ടീം said...

ഹൃദയത്തില്‍ തൊട്ടെഴുതിയ യഥാര്‍ത്ഥ അനുഭവക്കുറിപ്പ്. പടയണി കണ്ടവര്‍ക്കും അനുഭവിച്ചര്‍ക്കും ഇനി കാണാന്‍ പോകുന്നവര്‍ക്കും ഇതുപോലെ ഒരു അനുഭവം വായിച്ചാല്‍ മതി. പടയണിയില്‍ പങ്കെടുക്കുന്ന കുളിര്‍മ കിട്ടും. ലേഖ ടീച്ചറിന് പടയണി ടീമിന്‍റെ അകമഴിഞ്ഞ നന്ദി.

പിണ്ടിയത് ദിനമണി said...

ശ്രീമതി ലേഖയുടെ സ്മരണകള്‍ അതീവ ഹൃദ്യമായി അനുഭവപ്പെട്ടു. എഴുതുകയാണെങ്കില്‍ ഈ വിധം എഴുതണം. എല്ലാ ആണ്‍ എഴുത്തുകാരെയും കടത്തി വെട്ടിയിരിക്കുന്നു. ! ഇനിയും എഴുതണം. എന്റെ അഭിനന്ദനങ്ങള്‍.

Krishnan Unni said...

ബാല്യകാല സ്മരണകള്‍ എങ്ങനെ എഴുതണമെന്നു ലേഖ ഇവിടെ സ്വന്തം മനസ്സുകൊണ്ട് രചിച്ചിരിക്കുന്നു. വളരെ ഭംഗിയായി. അഭിനന്ദനങ്ങള്‍. ഇനിയും തീര്‍ച്ചയായും എഴുതണം

Related Posts with Thumbnails
Share |