അവിട്ടം നാള്‍, ചൂട്ടിടീല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും തിരക്ക് തടി പണി ചെയ്യുന്ന ആചാര്യര്‍ക്കാണ്. നീലംപെരൂരിലെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പേരുകേട്ട തച്ചനും പടയണി ആചാര്യനുമായ വാസുആചാരി തുണ്ടിപ്പറമ്പില്‍ മൂത്താശ്ശാരിയെ അറിയാത്തവരായി ആരുമില്ല. 45 അടി പൊക്കമുള്ള വലിയ അന്നം മുതല്‍ 5 അടി പൊക്കമുള്ള ചെറിയ അന്നങ്ങള്‍ വരെ നിര്‍മ്മിക്കുന്നതില്‍ അപാര കഴിവുള്ള അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളും നാട്ടിലുണ്ട്.
അന്നത്തിന്‍റെ നിറപണികള്‍ പൂര്‍ത്തിയായതിനു ശേഷം തിരുനട സമര്‍പ്പണത്തിന് മുമ്പായി തേങ്ങമുറിക്കല്‍ ചടങ്ങ് നടക്കുന്നു. ഇതിനു നേതൃത്വം നല്‍കുന്നത് ഇദ്ദേഹം ആണ്. ഇവിടെ വച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. ഒരുമുറി വഴിപാടുകാരന്‍റെ രാശിയും അടുത്ത മുറി ആചാരിക്കും ആണ്. തേങ്ങ മുറിക്കലിനു ശേഷം വഴിപാടുകാരന്‍റെ ഉത്തരവദിത്വം കഴിഞ്ഞു. പിന്നീടു കരക്കാര്‍ക്കാണ് അന്നം തൊഴീക്കാനുള്ള ഉത്തരവദിത്വം. സാധാരണയായി വഴിപടുകാര്‍ തന്നെ അന്നം തൊഴീക്കുന്നു.
വാസു ആചാരിയുടെ പുത്രന്‍ സുരേഷ്, നീലംപേരൂരിലെ അറിയപ്പെടുന്ന ഒരു പടയണി കലാകാരന്‍ ആണ്. കോലങ്ങളുടെ നിര്‍മ്മിതിയില്‍ ഓരോ വര്‍ഷവും പുതുമകള്‍ കൊണ്ട് വരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
അന്നങ്ങളുടെ ചുണ്ടും പൂവും, കോലങ്ങളുടെ മുഖം എന്നിവ കാണുമ്പോള്‍ എല്ലാവരുടെ മനസ്സില്‍ ഓടിയെത്താറുള്ള മറ്റൊരു രൂപമാണ് ഗോപാലന്‍ കുറുപ്പംപറമ്പില്‍. അന്നത്തിന്‍റെയും കോലങ്ങളുടെയും തലയുടെ ചിത്രപ്പണി ഇദ്ദേഹത്തിന്‍റെ അവകാശമായിരുന്നു. കരി,ചുണ്ണാമ്പു ,ചെങ്കല്ല് എന്നിവയാണ് അസംസ്കൃത വസ്തുക്കള്‍. തൊണ്ടാണ് ബ്രഷ് ആയി ഉപയോഗിക്കുന്നത് അന്നത്തിന്‍റെ ചുണ്ടിലും പൂവിലും ആദ്യം ചെങ്കല്ല് അരച്ചത് തൊണ്ട്കൊണ്ട് തേച്ചുപിടിപ്പിക്കുന്നു. അതുനന്നായി ഉണക്കിയതിനു ശേഷം കരിയും ചുണ്ണാമ്പും വെള്ളത്തില്‍ ചാലിച്ചെടുത്തു ചിത്രപ്പണി ചെയ്യുന്നു. ചിത്രപ്പണികള്‍ക്കായി ചെമ്പിന്‍റെ തട മുറിച്ചതും ഉപയോഗിക്കാറുണ്ട്. കോലങ്ങളുടെ മുഖത്തെഴുത്തിനും ഈ നിറങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
ആചാര്യരെ കുറിച്ച് എഴുതുമ്പോള്‍ മനസ്സില്‍ ഓടി എത്തുന്ന ഒരു മുഖമുണ്ട്. പുഞ്ചിരി എപ്പോഴും മനസ്സിലും മുഖത്തും സൂക്ഷിക്കുന്ന പടയണിയുടെ ജീവതാളവും ആല്മതാളവും ആയ ചെമ്പന്‍ തന്നെ. ചെമ്പന്‍ ചെണ്ടപ്പുറത്ത് കോലിടുന്നത് തന്നെ കാണാന്‍ ഒരു രസമാണ്. ചെണ്ടകൊട്ടുമ്പോള്‍ ഇളകിയാടുന്ന നീളമുള്ള മുടി കാണാന്‍ തന്നെ ഒരു ഐശ്വര്യം ആണ്. ചെറുപ്പകാലത്ത് വളരെ ആകര്‍ഷിച്ചത് ചെമ്പന്‍റെ രൂപം ആയിരുന്നു. കരനാഥന്‍ ചേരമാന്‍ പെരുമാള്‍ സ്മാരകത്തില്‍ അനുവാദം വാങ്ങാന്‍ പോകുന്ന സമയം എങ്ങും നിശബ്ദത മാത്രം. അതിനു ശേഷം "ഹുയ്യോ" എന്ന ശബ്ദത്തോടെ പടയണി ആരംഭിക്കുകയായി. കൂ കൂ കു എന്ന് വിളിക്കുന്ന താളത്തില്‍ ചെമ്പന്റെ മേളവും ആരംഭിക്കുന്നു. താഴ്ന്ന കാലത്തില്‍ "ഇത്തകാ തീ തോ.." എന്ന് തുടങ്ങുന്ന താളം ഉയര്‍ന്ന കാലത്തില്‍ എത്തുന്നതോടൊപ്പം 'തോത്ത'കളിയും മുറുകും. ചെമ്പന്‍റെ മേളതിമിര്‍പ്പില്‍ കുടനിര്‍ത്തിനും, പ്ലാവില നിര്‍ത്തിനും, മകം പടയണിക്കും, പൂരം പടയണിക്കും തോത്ത കളി മുതല്‍ ഇളകിയാടുന്ന കുട്ടികളും മുതിര്‍ന്നവരും മനസ്സില്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമേ ഉള്ളൂ.. ദൈവമേ ചെമ്പന്‍ ഈ താളം നിര്‍ത്തരുതേ എന്ന്.മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ 2003 ല്‍ നീലംപേരൂര്‍ പടയണി ആചാര്യരെ അനുമോദിക്കുന്ന ഒരു ചടങ്ങ് "ഗുരു വന്ദനം" എന്ന പേരില്‍ നീലംപേരൂരില്‍ വച്ച് സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്ന പടയണിയെ കുറിച്ച് ഗവേഷങ്ങങ്ങള്‍ നടത്തുകയും പുസ്തകം എഴുതുകയും ചെയ്തിട്ടുള്ള പ്രശസ്ത സാഹിത്യകാരന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള നീലംപെരൂരിലെ ആചാര്യരെ പ്രകീര്‍ത്തിച്ചു പ്രസംഗിക്കുകയുണ്ടായി.
(തുടരും)

2 comments:
കൊള്ളാം നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍
പടയണി ആശാന്മാരെ പരിചയപ്പെടുത്തുന്ന രണ്ടു ലേഖനങ്ങളും വായിച്ചു. പടയണിയുടെ ആണിക്കല്ലുകള്‍ ആണ് അവര്‍ ഓരോരുത്തരും. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്ക് അടിപ്പെട്ടു അവരില്‍ പലരും ഇന്ന് കഷ്ടപ്പെടുന്ന അവസ്ഥയിലാണ്. വാസു ആചാരി, ചെമ്പന്‍, ഗോപാലന്‍, കൃഷണ പിള്ള ആശാന്‍ എല്ലാവരും വാര്‍ധക്യത്തിന് അടിപ്പെട്ടു .പടയണി കളത്തില്‍ സജീവ സാന്നിധ്യമായിരുന്ന അവര്‍ക്ക് ഇന്ന് പടയണി കളത്തില്‍ എത്താന്‍ പോലും കഴിയുന്നില്ല. അവര് നമുക്ക് പകര്‍ന്നു തന്ന അറിവുകളെ, അനുഭവങ്ങളെ, നൈപുണികളെ എല്ലാം നെഞ്ചോട് ചേര്‍ത്ത് ഈ പടയണിയെ ഇനിയും എക്കാലവും മുന്‍പോട്ടു കൊണ്ടുപോകാന്‍ ഈ തലമുറയ്ക്കും, വരും തലമുറകള്‍ക്കും കഴിയണേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. ഒപ്പം പടയണി ആശാന്‍ മാരില്‍ ആരെയും വിട്ടുപോകാതെ എല്ലാവരുടെയും ഫോട്ടോ സഹിതം പരിചയപ്പെടുത്തിയ പടയണി ടീം നു പ്രത്യേക അഭിനന്ദനങ്ങള്‍.......ഇനിയും തുടരുക..... എല്ലാ ആശംസകളും നേരുന്നു......
ഗീതാ ശ്രീകുമാര്‍
Post a Comment