ലേഖനം: ഗോപാലകൃഷ്ണ പണിക്കര്‍, പരുത്തൂട്ട്, നീലംപേരൂര്‍
നീലംപേരൂര്‍ പള്ളിഭഗവതി ദേവിയുടെ തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാളിലാണ് പൂരം പടയണി ആഘോഷിച്ചു വരുന്നത് .
അഭീഷ്ട വരദായനിയായ ദേവിയുടെ ഇഷ്ട വഴിപാടായ അരയന്നം പണിതു ദേവി സന്നിധിയില്‍ സമര്‍പ്പിയ്ക്കുന്നതാണ് പ്രധാനം. അന്നങ്ങള്‍ ഒന്നേകാല്‍ മുതല്‍ ഏഴേകാല്‍ കോല്‍ വരെ ഉയരത്തില്‍ പണിതീര്‍ത്തു സമര്‍പ്പിയ്ക്കുന്നു. അന്നങ്ങള്‍
ഈ ചടങ്ങുകള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയതാണെന്ന് മുത്തശ്ശന്‍മാര് പറഞ്ഞു കേട്ടിട്ടുണ്ട്. അവര്‍ പറയുന്നത് ഇപ്രകാരം - നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇരുഭാഗക്കാര് ആയി തിരിഞ്ഞു വാശിയോടു കൂടി ഈ അനുഷ്ഠാനം നടത്തിയിരുന്നു. കാലാന്തരത്തില്‍ അന്നത്തെ ഗുരുവിന്‍റെ ഉപദേശന്വിതം ഏകോദര സഹോദരങ്ങളെ പോലെ എല്ലാവരും കൂടി യോജിച്ചു നിന്ന് ഈ അനുഷ്ഠാനം തുടര്‍ന്ന് പോരുന്നു. അവിട്ടം നാള്‍ മുതല്‍ പതിനാറു ദിവസത്തെ അശ്രാന്ത പരിശ്രമം കൊണ്ടും , ദേവിയുടെ അനുഗ്രഹത്താലും ഈ സംരംഭം നടത്തിപോരുന്നു.
എന്‍റെ പതിന്നാലാം വയസ്സ് മുതലാണ് ഞാന് പൂരം പണികളില്‍ സജീവം ആകാന്‍ തുടങ്ങിയത്. അന്ന് വിദ്യാലയത്തില്‍ നിന്ന് വന്നാല്‍ കോലങ്ങള്‍ക്ക് വേണ്ടി പ്ലാവില കുത്തി കോര്‍ത്ത് കൊടുക്കുവാന്‍ മുതിര്‍ന്നവര്‍ ആജ്ഞാപിയ്ക്കുകയും അത് ചെയ്തു തീര്‍ക്കുകയും പതിവായിരുന്നു .
പൂരം നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്. അതില്‍ ഒരു പ്രധാന ചടങ്ങാണ് കുടംപൂജ കളി. ഗുരുസ്ഥാനത്തു നിന്ന് അന്ന് പാടിയിരുന്നത് യശ:ശരീരന്‍ ആയ ചെറുശേരില്‍ ശങ്കര കുറുപ്പ് ആശാനും, ഇപ്പോഴത്തെ പടയണി ആശാനായ ശ്രീ എ൪തൂട്ടു കൃഷ്ണപിള്ള ആശാനും കൂടി ആയിരുന്നു. ഈ അനുഷ്ഠാനത്തിനു രാഗ താള മേളങ്ങള്‍ അനിവാര്യമാണ്. കൃഷ്ണപിള്ള ആശാന്‍റെ സമീപം നിന്ന് ഞാനും ഈ പാട്ടുകള്‍ പാടി പഠിച്ചു. ഏതാണ്ട് 4 വര്‍ഷം കൊണ്ടാണ് എനിയ്ക്ക് ഈ പാട്ടുകള്‍ ഹൃദിസ്ഥം ആയത്. ഗണപതി സ്തുതിപ്പ്, കുചേലവൃത്തം, സ്യമന്തകം തുടങ്ങിയ കഥകളാണ് ഇതില്‍ പെടുന്നത്. പടയണി പാട്ടുകള്‍ക്ക് ലിഖിത രൂപം ഉണ്ടായിരുന്നില്ല. ഇത് പൂര്‍വികരില്‍ നിന്ന് വായ്ത്താരി ആയി കിട്ടിയതാണ്. കൃഷ്ണ പിള്ള ആശാന്‍ അദ്ദേഹത്തിന്‍റെ സഹായിയായി എന്നെ തിരഞ്ഞെടുത്തു. ഇന്ന് വരെ ആ ചടങ്ങ് നിര്‍വിഘ്നം നടന്നു പോരുന്നു. പൊയ്യാനയെ കെട്ടി ചമ്യ്ക്കുന്നതിലും പ്രധാനി ശ്രീ കുറുപ്പാശാന്‍ ആയിരുന്നു .
മറ്റു കോലങ്ങള്‍ എല്ലാം തന്നെ നാട്ടിലെ മറ്റു കാരണവന്‍മാര്‍ അവരുടെ സ്വത:സിദ്ധമായ കഴിവനുസരിച്ച് കെട്ടിചമയിച്ചിരുന്നു. അക്കാലത്തു രാവണന്‍ എന്ന കോലം കെട്ടിചമയിച്ചിരുന്നത് യശ:ശരീരനായ സുപ്രസിദ്ധ കഥകളി നടന്‍ ശ്രീ കുറിച്ചി കുഞ്ഞന്‍ പണിക്കരായിരുന്നു. അദ്ദേഹത്തിന്‍റെ കാലശേഷം ഈ കോലം ചമയിച്ചിരുന്നത് യശ:ശരീരനായ സുപ്രസിദ്ധ കഥകളി ഭാഗവതര്‍ നീലംപേരൂര്‍ കുട്ടപ്പപണിക്കര്‍ ആയിരുന്നു. അദ്ദേഹമാണ് എന്നിലേയ്ക്ക് ഈ ഉദ്യമം പകര്‍ന്നു തന്നത്. രാവണന്‍റെ കോലം കെട്ടി ചമയ്ക്കുന്ന ചുമതല എന്നാല്‍ കഴിയും വിധം ഞാന്‍ നടത്തി പോരുന്നുണ്ട്.
മേല്‍ വിവരിച്ച കാര്യങ്ങള്‍ എല്ലാം തന്നെ തലമുറ തലമുറ ആയിട്ട് പകര്‍ന്നു കിട്ടിയതാണ്.
അധ്യാപകന്‍ ആയിരുന്ന വാര്യത് കൊച്ചുപിള്ള ആശാന്‍ നീലംപേരൂര്‍ ദേവിയെ കുറിച്ച് രചിച്ച കീര്‍ത്തനത്തിന്‍റെ ഏതാനും വരികള്‍ താഴെ കുറിയ്ക്കുന്നു.
അല്ലലിങ്ങു വരുന്നവയൊക്കെയും
തള്ളി നീക്കി അനുഗ്രഹിച്ചീടുവാന്‍
മെല്ലവേ കൃപ ചെയ്ക നീലംപേരൂര്‍
പള്ളി വാഴും മഹേശ്വരി കൈതൊഴാം
ആനന്ദത്തോടഹീശന്‍ മഹേശനും
മാനമേറും ഗണേശനും ശാസ്താവും
ആനന്ദാ൦ബുധി വിഷ്ണുവും താനുമായ്
നീലംപേരൂര്‍ അമരും ശിവേ തൊഴാം
ഇന്ദ്രപൂജിത പാദ സരോരുഹെ
ചന്ദ്രചൂഡപ്രിയെ ഭുവനേശ്വരി
ചന്ദ്ര ബിംബ സമാനനീ ശങ്കരി
നീലംപേരൂര്‍ അമരും ശിവേ തൊഴാം.
ദേവി ശരണം. ..............................


2 comments:
വളരെ നന്നായി വിവരിച്ചിരിക്കുന്നു. നീലംപേരൂര്‍ കഥകളി ആചാര്യന്മാര്‍ പടയണിക്കളത്തിലും സജീവമായിരുന്നു എന്നതിന്‍റെ സാക്ഷ്യപ്പെടുത്തല്‍ തന്നെയാകും ഇന്നും കോലങ്ങള്‍ക്ക് കഥകളി രൂപവും ഭാവവും നില നില്‍ക്കുന്നത്. പടയണി അനുഭവങ്ങള്‍ വായിക്കുവാന്‍ വീണ്ടും താല്പര്യപ്പെടുന്നു.
Dear maniyan chetta,
It was tough to understand your name as gopalakrishna panicker . while going
through your ORMAKURUPPU,It was very easy to identify you.
your message is very valuable and please continue to do that
regards
Post a Comment