03 August, 2010

ഒരു സുന്ദര സ്വപ്നം

സ്വപ്നം കാണുക എന്നത് ഒരു സുഖമുള്ള കാര്യമാണ്. അത് മനസ്സിന് സന്തോഷം തരുന്നതാണെങ്കില്‍  പരമസുഖം. പേടിപ്പിക്കുന്ന സ്വപ്നം ആണെങ്കില്‍ അന്നത്തെ കാര്യം പരമകഷ്ടവും.  എന്തായാലും ഞാനിന്നു കണ്ടത്  ഒരു സുന്ദര സ്വപ്നം ആയിരുന്നു. 

കഥയുടെ പശ്ചാത്തലം തന്നെ തടിവെട്ടു സ്ഥലം ആണ്.  എല്ലാവരും തടി വെട്ടിക്കുന്ന തിരക്കില്‍ ആണ്. ഉറ്റ സുഹൃത്തായ മോന്‍കുട്ടന്‍, ആള് സ്ഥലത്തെ പ്രധാന പോലീസ് ആണ്. പിന്നെ അജയ്, രജി, സുധി, മനോജ്‌  അങ്ങനെ എല്ലാവരും രംഗത്തുണ്ട്.  തടിയെന്നു പറഞ്ഞാല്‍ നല്ല വണ്ണമുള്ള തടികള്‍ തന്നെ.. ഇവയൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ ആണ് പൊക്കി കയറ്റുന്നത്. എവിടെയാണെന്നല്ലേ? കേട്ടാല്‍ നിങ്ങള്‍ ഊറി ചിരിക്കും. ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ  മുകളില്‍ കയറ്റിയാണ് സംഗതി നീലംപേരൂരില്‍ എത്തിക്കുന്നത്. രണ്ടു ബസ്സിന്‍റെ മുകളില്‍ കയറ്റികഴിഞ്ഞു.  ആ സമയത്ത് എനിക്ക് ഒന്ന് രണ്ടിന് പോകണമെന്ന് തോന്നി. പോയിട്ട് വരുമ്പോ രണ്ടു വണ്ടി പോയി കഴിഞ്ഞു. കുറച്ചുപേര്‍ ബാക്കിയുണ്ട്.  മൂന്നാമത്തെ ബസ്സിന്‍റെ വരവും കാത്തു ഞങ്ങള്‍ കുറച്ചു പേര്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നു.  അന്നേരം എന്‍റെ പേരമ്മ, അച്ഛന്റെ ചേട്ടന്‍റെ ഭാര്യ. അമ്മവഴിയും പേരമ്മ വരാമല്ലോ.. അതാണ് ഞാന്‍ എടുത്തു പറഞ്ഞത്, പേര് പല്‍മം. പേര് പോലെ തന്നെ നൈര്‍മല്യമാണ് ആ പേരമ്മയുടെ സ്വഭാവും. യു.പി. തലത്തില്‍ എന്നെ കണക്കു പഠിപ്പിച്ച എനിക്ക് ഇഷ്ടമുള്ള ടീച്ചര്‍ കൂടി ആയിരുന്നു പേരമ്മ. ആ പറഞ്ഞു വന്നത്, ഈ പേരമ്മ ഒരു കൊട്ട പൂവും ഒരു കെട്ട് ആണിയും(ഈര്‍ക്കിലി), ഒരു ചൂല് വലിപ്പം വരും, എന്‍റെ കയ്യില്‍ കൊണ്ട് തന്നിട്ട് പറഞ്ഞു, ഡാ കുഞ്ഞേ ഒരു മൂന്നേകാല്‍ അന്നം  ഉണ്ട്,  അതിന്‍റെ നിറപണി   നിന്നെ എല്പിക്കുകയാണ് എന്ന്.  സംഗതി എന്താന്ന് വച്ചാല്‍ പേരമ്മയുടെ കെയറോഫില്‍  ഒരു പുത്തന്‍ അന്നം ആരോ നടക്കു വച്ചിട്ടുണ്ട്. അവസാന ദിവസത്തെ പൂരം നാളില്‍   അതിന്‍റെ നിറം പിടിപ്പിക്കുന്ന പണിക്കാണ് നിറപണി  എന്ന് പറയുന്നത്.  ഞാന്‍ തലയില്‍ കൈ വച്ചെങ്കിലും കൂടെ സഹായിക്കാന്‍ ആരാന്നു നോക്കി. ചിറമ്പ്‌  കുത്താനും മറ്റും അജയെ വിളിച്ചു.. സഹായിക്കാമെന്നേറ്റു.  ആപ്പിള്‍ ജ്യൂസ്‌ പ്രതിഫലം. അപ്പോഴേക്കും ഞെട്ടി എഴുന്നേറ്റു. സമയം ഉച്ചയ്ക്ക് ശേഷം രണ്ടു മണി.

ഇനി  ഇതിലെ വിരോധാഭാസങ്ങള്‍ കേട്ടോ. ഒന്ന്, തടി വെട്ടുന്നത് ചൂട്ടു ഇടുന്നതിനും ഒരാഴ്ച മുമ്പാണ്. ചിലത് നേരത്തെ വെട്ടി വെള്ളത്തില്‍ ഇട്ടേക്കും.  അത് അറപ്പിക്കുന്നതും മറ്റും തിരുവോണത്തിന് മുമ്പേ കഴിഞ്ഞിട്ടുണ്ടാവും.  രണ്ടു, ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ മുകളില്‍ ഇത് കയറ്റുന്ന സംഭവം ഓര്‍ത്താല്‍ മതി. മൂന്നു, അജയ് വല്യന്നവും അഞ്ചേകാല്‍  ഒന്ന് വിട്ടു കളിയില്ല. കാരണം കക്ഷി അതിന്‍റെ ഒക്കെ ഒരു ചെറു ആശാന്‍ ആണ്.  പുത്തന്‍ അന്നം പണിയാന്‍ കിട്ടില്ല. നാല്, പണിയില്‍ ഒരു ശിശുവായ എന്നെ തന്നെ മൂന്നേകാല്‍ ഏല്‍പിച്ച പേരമ്മയുടെ തന്‍റെടം. സ്വപ്നമാണ്, കഥയാണ്, അതുകൊണ്ട് കഥയില്‍ ചോദ്യമില്ല.

വെളുപ്പിനെ കാണുന്ന സ്വപ്നം ഭലിക്കുമെന്നാണ് പറയുന്നത്. രാത്രി ജോലി ചെയ്യുന്ന എന്നെ സംബന്ധിച്ചിടത്തോളം ഉച്ചക്ക് പകല്‍ രണ്ടു മണി എന്തായാലും വെളുപ്പിനെയുള്ള സമയമാണ്. സ്വപ്നം ഭലിക്കണേ എന്ന് വായിക്കുന്ന നിങ്ങള്‍ പ്രാര്‍ത്ഥിക്കുമോ? എന്നാല്‍ പൂരം പടയണി കൂടുക എന്ന എന്‍റെ ആഗ്രഹം സഫലീകൃതമാകും.

9 comments:

ഗീത ശ്രീകുമാര്‍ said...

മനസ്സില്‍ നിറയെ പടയണിയും കൊണ്ട് നടക്കുന്ന ആള് ഇങ്ങനെ ഒരു സ്വപ്നം കണ്ടില്ലെന്കിലെ അട്ഭുതപ്പെടുവാന്‍ ഉള്ളൂ . എന്തായാലും കണ്ട സ്വപ്നത്തിനു പൊടിപ്പും, തൊങ്ങലും വച്ച് എഴുതിയപ്പോള്‍ അതിനൊരു കഥയുടെ കെട്ടും, മട്ടും ഉണ്ട്. കണ്ടത് സുന്ദര സ്വപ്നം തന്നെ....................., എഴുത്തുകാരന്റെ ആഗ്രഹം പോലെ തന്നെ സ്വപ്നം സഫലം ആകട്ടെ. പടയണിക്ക് എത്താന്‍ കഴിയട്ടെ....

ഗീതാ ശ്രീകുമാര്‍

PINDIYATH DINAMANI said...

Geethe nanum athu parayan poyatha..ah swapnam phalikkatte..valare sankadam
thonnunnu Amma Bhagavathy oru miracle kanikkatte ennu prarthikkam

ശ്രീകുമാര്‍, ഗീതം said...

ദേവി ശരണം ! സ്വപ്നം ഫലിച്ചു. "പടയണി കൂടാം" കഴിഞ്ഞ ആഴ്ച അവധിക്കു വരാനുള്ള ഗ്രീന്‍ സിഗ്നല്‍ കിട്ടി. ഇന്നലെ എല്ലാ പേപ്പര്‍വര്‍ക്കും ശരിയായി. രാവിലത്തെ അല്ലെങ്കില്‍ പകലത്തെ സ്വപ്നവും എല്ലാവരുടെയും പ്രാര്‍ത്ഥനയും ഫലിച്ചല്ലോ.. ദേവി സഹായിച്ചു 33 ദിവസം കിട്ടി.

ശ്രീ (sreyas.in) said...

ശ്രീകുമാറിനോട്‌ എന്ത് സംസാരിച്ചാലും അവസാനം പടയണിയില്‍ ചെന്ന് നില്‍ക്കും! അങ്ങനെ കേട്ട് കേട്ട് എന്‍റെ ചെവിക്കു പാട്ടായ ആ പടയണി കാണാന്‍ ഞാനും വരുന്നു!

രാജേഷ് said...

പടയണി യെ കുറിച്ചു ഒന്നും അറിയില്ലാത്തത് കൊണ്ട്‌ ആദ്യം ഒന്നും മനസ്സിലായില്ല പിന്നെയാണ് സ്വപ്നം കണ്ടത് പടയണിക്കുള്ള ഒരുക്കങ്ങളായിരുന്നുവെന്ന് മനസിലായത്. എന്തായാലും സ്വപ്നം ഫലിച്ചല്ലൊ സന്തോഷമായി ഗോപിയേട്ടാ അല്ല ശ്രീകുമാറേട്ടാ. 33 ദിവസം നാട്ടില്‍ ആഘോഷമാകാന്‍ ദേവി അനുഗ്രഹിക്കട്ടെ.

Bhagya N Thampi said...

Hey great news eataaaaaaa.......

Enjoy !!!

sudhish G Kaimal said...

happy to hear it. U r blessed

Vinith Vijay said...

Gr8 Sree cheta.....
Most welcome and see you soon............

വി.എ || V.A said...

‘പൂരം പടയണി’ കേട്ടും റ്റി വി യിലൂടെ കണ്ടും ഉള്ള അറിവുമാത്രം. പണ്ടു മുതലേയുള്ള ആഗ്രഹമാണ്, ഇനി നാട്ടിൽ വരുമ്പോൾ നേരിൽ കാണണം...

Related Posts with Thumbnails
Share |