ജാനകിയമ്മ, പൂന്തോട്ടം ( പരുതൂട്ട് ), നീലംപേരൂര്‍

എനിക്കിപ്പോള്‍ 85 വയസ്സുണ്ട്. എന്‍റെ അഞ്ചാം വയസ്സ് മുതലുള്ള പടയണികള്‍ ഓര്‍മയിലുണ്ട്. അന്നത്തെ പടയണി പ്രമുഖന്മാര് കുന്നക്കാട്ടാശാന്‍, ആലപ്പുറത്തു രാമപ്പണിക്കര്‍ ഏമ്മാന്‍, ഏലൂര്‍ പണിക്കര്‍, കൈപ്പുഴ നാരായണ കുറുപ്പ് എന്നിവരായിരുന്നു. പുതുവായിലെ കേശവ പണിക്കര്‍ ആയിരുന്നു പടയണിയിലെ പ്രധാന പാട്ടുകാരന്‍. അദ്ദേഹത്തെ തുടര്‍ന്ന് ഈ സ്ഥാനം വഹിച്ചത് കുറുപ്പാശാന്‍ ആയിരുന്നു.
അവിട്ടം നാളില്‍ ചൂട്ടിടീല്‍, പടയണി ആര്‍ക്കല്‍ എന്നീ ചടങ്ങുകള്‍ തുടങ്ങുന്നു. അന്ന് രാമപണിക്കര്‍ ഏമ്മാന്‍ ചെന്ന് ചേരമാന്‍ പെരുമാളിനോട് അനുവാദം ചോദിക്കും. അനുവാദം ചോദിച്ചു തിരിയുമ്പോള്‍ എല്ലാവരും ചേര്‍ന്ന് ഹുയ്യോ എന്ന് ആര്‍ക്കും. നാല് ദിവസം ചൂട്ടു പടയണി. നാലാം ദിവസം മുതല്‍ പച്ച തുടങ്ങും. പച്ചയ്ക്ക് പെരുമരത്തിന്‍റെ കൊമ്പു നടയില്‍ കൊണ്ടുവന്നു കാണിക്കും. പച്ച മൂന്നുദിവസം തുടരും. അത് കഴിഞ്ഞു കുട തുടങ്ങുന്നു. മടന്തംപുളി (പച്ച തെങ്ങ് മടലിന്‍റെ അകഭാഗം ഒരിഞ്ചു വീതിയില്‍ കീറിയെടുത്തത് ) ചീകി വളച്ചു കെട്ടി ചെത്തി പൂവ് കെട്ടിതൂക്കുന്നു. ഇതാണ് കുട. എട്ടാം ദിവസം കുട നിര്‍ത്തുന്നു. അന്ന് കുടംപൂജ ഉണ്ട്. ആഴി കൂട്ടി വട്ടത്തില്‍ നിന്നു കുടംപൂജ കളിക്കുന്നു. ദേവന്മാരെ സ്തുതിച്ചു പാടുന്നു. കുടനിര്‍ത്തിന്‍റെ ദിവസമാണ് സ്ത്രീകള്‍ ആദ്യമായി പടയണി കാണാന്‍ എത്തുന്നത്.
ഒമ്പതാം ദിവസം മുതല്‍ നാല് ദിവസത്തേയ്ക്ക് പ്ലാവില കുത്തി പിടിപ്പിച്ചു ഓരോ രൂപങ്ങള്‍ ഉണ്ടാക്കുന്നു. തപസി, ഹനുമാന്‍, ആന, ഭീമന്‍ എന്നിവയാണ് പ്ലാവില കോലങ്ങള്‍. രാമ പണിക്കര്‍ ഏമ്മാന്‍ അമ്പലത്തിന്‍റെ ഊട്ടുപുര തിണ്ണയില്‍ ഇരുന്നു പ്ലാവില കുത്തി കോലങ്ങള്‍ ഉണ്ടാക്കും. ഏര്‍തൂട്ടു കേശവ ചേട്ടന്‍ അത് കത്തികൊണ്ട് വാര്‍ന്നു ശരിയായ രൂപത്തിലാക്കും. പന്ത്രണ്ടാം ദിവസം പ്ലാവിലനിര്‍ത്ത് ആണ്. അന്നും കുടംപൂജ കളിയും, ചടങ്ങുകളും ഉണ്ടാകും. ആ ദിവസമാണ് വീണ്ടും സ്ത്രീകള്‍ പടയണി കാണാന്‍ എത്തുന്നത്. പ്ലാവില നിര്‍ത്തു കഴിഞ്ഞു പിറ്റേന്ന് പിണ്ടിയും, കുരുത്തോലയും തുടങ്ങും. അത് മകം പടയണി വരെ ഉണ്ടാകും. പിശാചു കോലം മുതലായവ അങ്ങനെ രൂപപ്പെടുത്തുന്നതാണ്. മകം പടയണിയുടെ ദിവസം വേലകളി എന്നൊരു പ്രധാന ചടങ്ങുണ്ട്. അതിനു രണ്ടു വേലയന്നങ്ങളും ഉണ്ടാകും. അന്നത്തെ പ്രധാന കോലം അമ്പലക്കോട്ടയാണ്. കൃഷ്ണനെ സംബന്ധിയ്ക്കുന്നതാണ് അമ്പലക്കോട്ട. അത് എഴുന്നള്ളിക്കുമ്പോള്‍ പാടുന്ന പാട്ട് കണ്ണനാം ഉണ്ണിയെ കാണുമാറാകണം .....കാറൊളി വര്‍ണ്ണനെ കാണുമാറാകണം എന്നതാണ്.
മകത്തിന്‍റെ പിറ്റേന്ന് പ്രസിദ്ധമായ പൂരം പടയണി ആണ്. അന്നത്തെ പ്രധാന കെട്ടുകാഴ്ച അരയന്നങ്ങള്‍ ആണ്. ഒന്നേകാല്‍, രണ്ടേകാല്‍, മൂന്നേകാല്‍ തുടങ്ങി എഴെകാല്‍ കോല്‍ വരെ ഉയരമുള്ള അന്നങ്ങള്‍ ഉണ്ട്. എന്‍റെ കുട്ടിക്കാലത്ത് മുതിര്‍ന്നവര്‍ അന്നങ്ങള്‍ക്ക് നിറപണി ചെയ്യുമ്പോള്‍ അവരെ സഹായിക്കാന്‍ ഞാന്‍ പൂവാണി എടുത്തു കൊടുക്കുമായിരുന്നു.
മലയാള വര്‍ഷം 1103 ആം ആണ്ടിന് ( എ.ഡി 1928 ) മുന്‍പ് രണ്ടു ഭാഗം പടയണി നിലനിന്നിരുന്നു. തെക്കരെന്നും, വടക്കരെന്നും ആയിരുന്നു രണ്ടു ഭാഗങ്ങള്‍ക്ക് പറഞ്ഞിരുന്നത്.
(തുടരും.. )
0 comments:
Post a Comment