15 August, 2010

പഴമയുടെ പെരുമയില്‍ പടയണി ( രണ്ടാം ഭാഗം )


ജാനകിയമ്മ, പൂന്തോട്ടം ( പരുതൂട്ട്‌ ), നീലംപേരൂര്‍

 
ഒന്നാം ഭാഗം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുമല്ലോ അല്ലെ?


നീലംപേരൂര്‍  കുന്നക്കാട്ട്  വീടിന്‍റെ  അറവാതില്‍   ആയിരുന്നു രണ്ടുഭാഗങ്ങളുടെ അതിര്. അറവാതിലിന്‍റെ   തെക്ക്  ഭാഗം തെക്കരെന്നും, വടക്ക്  ഭാഗം വടക്കരെന്നും പറഞ്ഞിരുന്നു. ഇങ്ങനെ  രണ്ടു  ഭാഗങ്ങള്‍  തിരിഞ്ഞിരുന്നത് ശത്രുക്കള്‍ ആയിട്ടല്ല, മറിച്ച് , പൂരത്തിന് കൂടുതല്‍  വീറും വാശിയും വരുത്താന്‍ വേണ്ടി  ആയിരുന്നു. ഒരു  മത്സര  ബുദ്ധി.  അത്ര  തന്നെ. ഈ  കീര്‍ത്തനത്തിലെ  വരികള്‍  തന്നെ  ഇതിനു  തെളിവാണ്.


" ഐക്യതയുണ്ട് ഇരുപാട്ടിലുള്ളോര്‍ക്കും
ശ്ലാഖ്യനാകും ഗുരുവിനെ ശങ്കിച്ച്..
വാക്ക് പോലും അവജ്ഞയൊന്നില്ലവര്‍
നീലംപേരൂര്‍  മരുവും ശിവേ തൊഴാം. "



രണ്ടു  വിഭാഗങ്ങളും  മത്സരിച്ചു  കോലങ്ങള്‍ ഉണ്ടാക്കുമായിരുന്നു. പക്ഷെ  കുറച്ചു  കാലങ്ങള്‍  കഴിഞ്ഞപ്പോള്‍ കോലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍  ആളുകള്‍  കുറവായി. അങ്ങനെ  പടയണി  നടത്തിപ്പില്‍ ബുദ്ധിമുട്ട്  അനുഭവപ്പെടുവാന്‍  തുടങ്ങി. തുടര്‍ന്ന് പൂരം പടയണി  നിര്‍ത്തി  വയ്ക്കാമോ???  അതിനു  പകരമായി  മറ്റെന്തെങ്കിലും  ചടങ്ങുകള്‍  മതിയാകുമോ?? എന്ന്  അറിയുവാന്‍  ക്ഷേത്രത്തില്‍ ദേവ  പ്രശ്നം  വച്ചു. എന്നാല്‍  ഒരു  കരണ  വശാലും   പടയണി  നിര്‍ത്താന്‍ പാടില്ല,  പകരം  രണ്ടു  വിഭാഗങ്ങളും  ഒരുമിച്ചു    ചേര്‍ന്ന്  ഒറ്റക്കെട്ടായി നിന്നു  പടയണി  തുടരണം എന്ന്  പ്രശ്ന   വിധിയില്‍ തെളിയുക  ഉണ്ടായി. അങ്ങനെ  1103ആം  ആണ്ടില്‍ രണ്ടു   വിഭാഗം  പടയണി   നിര്‍ത്തി,  ഒരുമിച്ചുള്ള  പടയണി  ആയി. അന്ന്  എനിക്ക് 3 വയസ്സേ   ഉള്ളൂ. ഇവയെല്ലാം എന്‍റെ   അമ്മയില്‍  നിന്നും, മുത്തശ്ശിമാരില്‍  നിന്നും  കിട്ടിയ  അറിവുകള്‍  ആണ്. അന്ന്  പടയണിക്ക്  വഴിപാടു  അന്നങ്ങളുടെ  എണ്ണം  വെറും  അഞ്ചോ , ആറോ ഒക്കെ  ആയിരുന്നു. ഇന്ന്  അതല്ലല്ലോ, 100  നു  അടുത്തുവരെ   പുത്തന്‍ അന്നങ്ങള്‍  ഉണ്ടാവാറുണ്ട്. സന്താന ഗോപാലം, ഭീമന്‍, യക്ഷി,എന്നിങ്ങനെ കോലങ്ങള്‍ അന്നും  ഉണ്ടായിരുന്നു. അന്നങ്ങള്‍ മാത്രമേ കെട്ടി ചമയിച്ചിരുന്നുള്ളൂ. കോലങ്ങള്‍ ഓരോ കലാവാസന ഉള്ള വ്യക്തികളുടെ മനസ്സില്‍ തെളിഞ്ഞു വന്നവയാണ്. ഓരോരുത്തരുടെയും ഭാവനയില്‍ രൂപപെട്ടതാണ് ഇന്ന് കാണുന്ന  കോലങ്ങള്‍.  കെട്ടി ചമയിക്കാതെ തടിയില്‍ ചെത്തിയെടുത്തു  ഓരോ രൂപങ്ങള്‍ അന്ന്  കോലങ്ങള്‍ ആയി  എഴുന്നള്ളിച്ചിരുന്നു. അന്നൊക്കെ ഒതളം എന്ന  വൃക്ഷം ധാരാളമായി ഉണ്ടായിരുന്നു. ഒതത്തിന്‍റെ  തടിയില്‍ ചെത്തിയെടുത്ത ഭീമന്‍, സന്താന ഗോപാലം എന്നിവ ഞാന്‍  കണ്ടിട്ടുണ്ട്. പരുതൂട്ടു വേലു പണിക്കര്‍, കളത്തില്‍  ശങ്കുമ്മാവന്‍  എന്നിവരാണ് അന്ന് കോലങ്ങള്‍ തടിയില്‍ ചെത്തി എടുത്തിരുന്നത്.


പണ്ട്  നീലമ്പേരൂര്‍   വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു  ചെറിയ ദ്വീപ്‌ ആയിരുന്നു. അന്ന് തനി കുട്ടനാട് ആയിരുന്നു. റോഡുകളോ, വാഹന സൌകര്യങ്ങളോ ഇല്ല. തോടുകളും, പുഞ്ച പാടങ്ങളും   മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്പലവും, പരിസരവും മാത്രം കര  ഭാഗം. ശേഷിക്കുന്ന ഭാഗങ്ങള്‍ എല്ലാം  വെള്ളം  മാത്രം. അന്ന്  ജല ഗതാഗതം മാത്രമാണ് ആശ്രയം. അന്നത്തെ കാലത്ത് പടയണി കാണാന്‍ ദൂരെ ദിക്കില്‍ നിന്നും വരുന്നവര്‍ വള്ളത്തില്‍ ആണ് വരുന്നത്. താഴത്ത് കടവില്‍ വരെ വള്ളത്തില്‍ വരും. പടയണി  കഴിഞ്ഞാല്‍  ആരും ആ  പരിസരത്ത് നില്‍ക്കരുത് എന്നാണ് വിശ്വാസം. അതുകൊണ്ട് വന്നവരെല്ലാം രാത്രിയില്‍  തന്നെ  വന്ന വള്ളങ്ങളില്‍ തിരികെ പോകും. അന്ന്  വിരുന്നുകാര് വന്നാല്‍ താങ്ങാന്‍ പാകത്തിന് സൌകര്യങ്ങള്‍ വീടുകളില്‍ ഇല്ലായിരുന്നു. അതിനാല്‍  ആരും തന്നെ   തങ്ങാതെ  പടയണി കണ്ടു തിരിച്ചു പോവുകയാണ് പതിവ്. ഇന്ന്  അവസ്ഥ  എല്ലാം  മാറിയില്ലേ. റോഡ്‌  മാര്‍ഗം   ധാരാളം വാഹനങ്ങള്‍ വരുന്നു. ഇവിടെ  എത്തിച്ചേരാന്‍ ആളുകള്‍ക്ക്  യാതൊരു ബുദ്ധിമുട്ടും ഇല്ല.


എത്ര ആഘോഷം ആണെങ്കിലും  ഏഴര  വെളുപ്പിന് പടയണി നിര്‍ത്തണം എന്നാണ്  നിയമം. അതായതു വെളുപ്പിന് 3 മണിയോടുകൂടി. പടയണി  കഴിഞ്ഞാല്‍  ആരും അവിടെ  നില്‍ക്കാന്‍ പാടില്ല. കാരണം  വേറെ  ഒരു പ്രധാന ചടങ്ങുണ്ട്. അതാണ്‌ വിളക്കിതിരിയും,ചോറും വയ്ക്കല്‍. എന്‍റെ  ഓര്‍മയില്‍  മഠത്തിലെ  നാണു അമ്മാവന്‍ ആണ് ഈ  ചടങ്ങ്  നടത്തുന്നത്. 16 ദിവസം വ്രതം നോറ്റ്,പൂരത്തിന്‍റെ  ദിവസം ഉപവാസം നിന്നാണ് രാത്രിയില്‍ ഈ  ചടങ്ങ് നടത്തുന്നത്. അമ്പലത്തിലുള്ള ഭൂത ഗണങ്ങള്‍ക്ക്  ബലി  കൊടുക്കുക എന്നതാണ് അതിന്റെ സങ്കല്പം. പൂരക്കളം  ശൂന്യം ആയിക്കഴിഞ്ഞാല്‍ ആ  നിശബ്ദതയില്‍ വിളക്കിതിരിയും ചോറും വയ്ക്കുന്ന  ആള്  മുമ്പെയും, ചൂട്ടു പിടിച്ചു  വെളിച്ചം കാണിക്കുന്ന ആള് പിറകെയും ആയി അമ്പലത്തിലെ ആല്‍ത്തറയില്‍ എത്തുന്നു. അവിടെ  നിവേദ്യ സാധങ്ങള്‍ എല്ലാം വയ്ക്കുന്നു. ചോറ്, കരിക്ക്  എന്നിവ. കൂട്ടത്തില്‍  നിണം കലക്കുന്നു. അത്രയും  അവിടെ  വച്ചു കഴിഞ്ഞാല്‍ രണ്ടുപേരും തിരിഞ്ഞു നോക്കാതെ  വേഗം നടന്നു  സ്വന്തം  വീടുകളില്‍  എത്തുന്നു. 16   ദിവസത്തെ  വ്രതത്തിന്‍റെ  ശക്തിയാകാം വിളക്കിത്തിരിയും ചോറും വയ്ക്കുന്ന ആളിന് ഒരു അമാനുഷിക ശക്തി ഉണ്ടാകുന്നതായി അവരുതന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.
 -ശുഭം-

0 comments:

Related Posts with Thumbnails
Share |