02 September, 2010

പ്രകൃതിയുടെ വികൃതിയില്‍ തളരാത്ത സമര്‍പ്പണം

ലേഖകന്‍: അനില്‍ .പി. (ഉണ്ണി) , പൂന്തോട്ടം 

കേരളത്തിലിപ്പോൾ പരക്കെ മഴ പെയ്യുകയാണ്‌. ചിങ്ങം പിറന്നാൽ പിൻ വാങ്ങിത്തുടങ്ങുന്നതാണ്‌ കാലവർഷത്തിന്റെ രീതി. ചിലപ്പോഴൊക്കെ ഈ രീതിക്ക് മാറ്റം വരാറുണ്ട്. ഇത്തവണ അതാണിതുവരെയുള്ള സ്ഥിതി.

നീലമ്പേരൂരിൽ ഇപ്പോൾ പടയണിക്കാലമാണ്‌. കൃത്യമായി പറഞ്ഞാൽ ചൂട്ടു പടയണി കഴിഞ്ഞ് പച്ചയിലൂടെ കുടയിലേക്ക് പടയണി പകർന്ന് കഴിഞ്ഞു. അതുകൊണ്ട്തന്നെ പടയണിപ്പറമ്പുകളിൽ ഇപ്പോൾ പണികളുടെ പൂരം നടക്കുന്ന സമയവും. പെരുമഴയുടെ തുള്ളിക്കുലുക്കങ്ങൾ ഈഗ്രമത്തിന്റെ പടയണി ആവേശത്തിന്റെ കനൽ കട്ടകൾക്കുമേൽ നൃത്തം വയ്ക്കുകയാണോയെന്ന സന്ദേഹം ഫോൺ വിളികളായി അങ്ങുദൂരെനിന്നു പോലുമെത്തുന്നുണ്ട്. സംശയമുന്നയിക്കുന്നവരുടെ ആല്മാർത്ഥതയും പടയണി സ്നേഹവും തന്നെയാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നതെന്നറിയാം. സന്തോഷത്തോടെ നീലമ്പേരൂരിന്റെ പടയണിമുറ്റത്തേക്ക് നമുക്ക് നീങ്ങി നില്ക്കാം. അവിടെ മഴത്തുള്ളികൾ നൃത്തം വയ്ക്കുന്നത് പടയണി ചൂട്ടുകളുടെ അകമ്പടിയോടെതന്നെയാണെന്ന് ആനന്ദത്തോടെ അറിയാം.

അവിട്ടം നാളിൽ മഴയുണ്ടായിരുന്നു. പക്ഷെ ചൂട്ട് വയ്പ് സമയം മഴ മാറിനിന്നു. പിന്നീടിങ്ങോട്ട് മഴയുടെ ഒളിച്ചുകളിതന്നെ. ചിലപ്പോൾ നൂൽ മഴ അല്ലെങ്കിൽ ചാറ്റൽ മഴ. ഇടയ്ക്കൊക്കെ പെരുംതുള്ളിയും. ചുരുങ്ങിയത് 3000 മനുഷ്യപ്രയത്നദിനങ്ങൾ സൃഷ്ടിക്കപ്പെടേണ്ട 15 ദിനങ്ങളിൽ ഈ കളി ഒരു പരീക്ഷണം തന്നെയാണ്‌. തടി ഉരുപ്പടികളെല്ലാം പുറത്തെടുക്കണം. കമുക് വെട്ടി ചിറമ്പ് കീറി നിലയിട്ട വല്യന്നത്തിന്‌ വാരി വരിയണം. വാഴക്കച്ചിയും പിണ്ടിയും ശേഖരിക്കണം. വഴിപാടന്നങ്ങൾ ചൊട്ടനാക്ക് ഉരുമ്മിക്കൂട്ടി ചട്ടത്തിലാക്കണം. അതിന്‌ ഈറ പൊളിച്ചെടുത്ത് അരണമരനാരുകൊണ്ട് കെട്ടി വരിയണം. പിന്നെ വലിയ അന്നത്തിനും 75 പുത്തനന്നങ്ങൾക്കും വാഴക്കച്ചിപൊതിഞ്ഞ് പിണിക്കയറിട്ട് വരിഞ്ഞ് മുറുക്കി രൂപം തിരിക്കണം. പൂരം നാളിലെ നിറപണികൾക്ക്മുമ്പ് തീരേണ്ട പണികൾ വളരെച്ചുരുക്കിപ്പറഞ്ഞുവെന്നേയുള്ളൂ. ഈ ദിവസങ്ങളിലെല്ലാം അടിയന്തിരക്കോലങ്ങളുടെ നിർമ്മാണം വേറെയുമുണ്ട്. എന്താവുമെന്ന ഉല്ക്കണ്ഠ് അസ്ഥാനത്തല്ല.

പക്ഷെ പേടിച്ചുമാറി നില്ക്കുമ്പോഴല്ലെ പരാജയപ്പെടുത്താൻപറ്റൂ. പരമപുരുഷന്റെ രേതസ്സായിതന്നെ മഴത്തുള്ളികളെ പടയണിപ്പറമ്പിൽ വച്ച് പ്രകൃതിപൂജയുടെ ഈ ഉൽസവം ഏറ്റുവാങ്ങുമ്പോഴൊ? പടയണി തുടങ്ങി ആദ്യത്തെ  7 ദിവസവും നീലമ്പേരൂരിൽ സംഭവിച്ചത് അതാണ്‌. വലിയ അന്നങ്ങൾക്കെല്ലാം ചതയ ദിവസം തന്നെ നിലയിട്ടു. ചെറിയ അന്നങ്ങൾക്ക് ചട്ടം കൂട്ടലും അന്ന് തുടങ്ങി. പിന്നെ രണ്ടു ദിവസംകൊണ്ട് ‌ അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികളും തീർത്തു.

ഞായറാഴ്ച പടയണിപ്പറമ്പിൽ രാവിലെതന്നെ മഴയെത്തി. നിശ്ചയിച്ചത്പോലെ നാട്ടുകാരൊന്നായി മഴയോടൊപ്പം പടയണി മൈതാനത്തെത്തി. നൂലായിത്തുടങ്ങി ചാറ്റലായും പെരുമഴയായും എത്തിയപ്പോഴൊക്കെ ഗ്രാമമൊന്നടങ്കം പണികൾക്ക് മുറുക്കം കൂട്ടി. തോല്പ്പിക്കാൻ വന്ന മഴ പണിത്തളർച്ച അറിയിക്കാത്ത സഹായിയായി കുട പിടിച്ച് നിന്നു. വലിയ അന്നത്തിനും അഞ്ചേകാലിനും കമുക് കീറി വരിച്ചിൽ പൂർത്തിയാക്കി. അവയ്ക്കുള്ള വാഴക്കച്ചികൾ ശേഖരിക്കുകയും ചെയ്തു.

ചാറ്റൽ മഴയും പെരുമഴയും നനഞ്ഞും നനയാതെയും നാടിന്റെ ബാല്യങ്ങൾ പടയണിപ്പണികളുടെ ഹരം നുകരുന്നുണ്ടായിരുന്നു. നിഷ്കളങ്ക ബാല്യത്തിന്റെ കളിയരങ്ങായിക്കൂടിമാറിയ പടയണിപ്പറമ്പിലൊരു കുരുന്ന് പള്ള്I ഭഗവതി തന്നെ തുള്ളിക്കളിക്കുകയായിരുന്നുവോ?

(പടയണിയുടെ എട്ടാം ദിവസമായ കുടനിർത്തിനു മുമ്പെഴുതിയ ലേഖനം 3 ദിവസം താമസിച്ച് പോസ്റ്റ് ചെയ്തതിൽ പടയണി റ്റീം ഖേദം രേഖപ്പെടുത്തുന്നു. )      

1 comments:

sajithneelamperoor said...

മഴ പടയണിയുടെ ഒരു ഭാഗം തന്നെയാണ്.നനഞ്ജോലിച്ചു വച്ചുകെട്ടില്‍ ഇരുന്നു വല്യന്നം പണിയാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്.ഈ പടയണി ഇല്ലായിരുന്നു എങ്കില്‍ ആരാണ് മഴ നനഞ്ഞു പുറത്തിറങ്ങുക.ശരീരവും മനസും ഒന്ന് ശുദ്ധമാകാന്‍ ഇത്തിരി തീര്ധസ്നാനം നല്ലത് തന്നെ.യിവിടെയല്ലാതെ ഏതെങ്കിലും കുരുന്നുകള്‍ക്ക് മനസമാധാനത്തോടെ മഴവെള്ളത്തില്‍ കളിയ്ക്കാന്‍ സാധിക്കുമോ.പ്രായഭേദമെന്യേ എല്ലാവരും ഒത്തുകൂടി ഒരുമിച്ചു മഴ നയുന്ന ഉത്സവം വേറെങ്ങും കാണില്ല...നമ്മുടെ ടൂറിസം ദിപ്പര്ടുമെന്റിനു ഒരു മഴ ഉത്സവം നടത്താനുള്ള സാധ്യത കാണുന്നുണ്ട്.പടയണി എന്ന വികാരം യേത് പ്രതിബന്ധങ്ങളെയും തരണം ചെയ്തു മുന്നോട്ടു തന്നെ പോകുക ചെയ്യും.
ഒരു മഴത്തുള്ളിയുടെ നൈര്‍മല്യം നല്‍കിയ ലേഖനത്തിന് അഭിനന്ദനങ്ങള്‍.

Related Posts with Thumbnails
Share |