ലേഖകന്‍: സജിത് നീലംപേരൂര്‍
നീലമ്പേരൂര്‍ നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു കൊച്ചു ഉള്‍നാടന്‍ ഗ്രാമമാണ്. ഇവിടുത്തെ നാട്ടുകാരും കളങ്കമില്ലാത്ത മനസിന്റെ ഉടമകള്‍ ആണ്. പടയണിയാണ് നാടിന്‍റെ ഏറ്റവും വലിയ ഉത്സവം. ജാതി മത ഭേദമെന്യേ എല്ലാവരും ഒത്തുചേരുന്ന ഒരു സന്ദര്‍ഭം. എന്നാല്‍ പടയണി തന്‍റെ ജീവവായു ആക്കിയ ഒരാളാണ് നമ്മുടെ "കാ" (ഇടതുംപറമ്പില്‍ കരുണാകരന്‍). പടയണി ആചാര്യന്‍ ആയ അദ്ദേഹത്തിന്റെ ഇഷ്ടവിനോദം ഒഴിവു സമയങ്ങളില്‍ കാര്‍ഡ് ബോര്‍ഡില്‍ വല്യന്നം ഉണ്ടാക്കലാണ്. കുടുംബപരമായ ബാദ്ധ്യതകളില്‍ ഉഴലുന്ന ഇദ്ദേഹം തന്റെ വിരസത അകറ്റുന്നത് പടയണി താളത്തില്‍ ആണ്. കഴിഞ്ഞ വര്‍ഷം ഒരു വല്യന്നം തിരുനട സമര്‍പ്പണം നടത്തിയപ്പോള്‍ ആരും കരുതിക്കാണില്ല വീണ്ടും ഇതുപോലൊന്ന് സംഭവിക്കും എന്ന്, എന്നാല്‍ എല്ലാവരുടെയും ചിന്താശക്തിയെ വ്യര്‍ത്ഥമാക്കികൊണ്ട് ഈ വര്‍ഷവും നിറപണിയില്‍ മുന്‍പനായ ഒരു വല്യന്നം ദേവി സന്നിധിയില്‍ ആടിയുലഞ്ഞു പറന്നെത്തിയിരിക്കുകയാണ്. നിരവധി പ്രത്യേകതകളോടെയാണ് ഈ വല്യന്നം മാനസസരസില്‍ നിന്നും തിരുനടയില്‍ എത്തിയത്. നിറപണി അതി ഗംഭീരം. ആരും ഒരു നിമിഷം മതിമറന്നു നോക്കി നില്‍ക്കുന്ന രൂപസൌകുമാര്യം. ചിറകടിച്ചു പറന്നു വരുന്ന അന്നത്തിന്റെ വായില്‍ ആരെയും സ്നേഹവായ്പ്പോടെ നക്കി തുടക്കുവനുള്ള ഇളം ചുവപ്പ് നാക്ക്. ഏതൊരു വ്യക്തിയുടെയും മനസിനെ ഒരു നിമിഷം പിടിച്ചുനിര്‍ത്തി "ഭയങ്കരം തന്നെ" എന്ന് ആത്മഗതം മൂളിക്കുന്ന പ്രിയപ്പെട്ട "കായുടെ "കരവൈഭവത്തെ ആകാശത്തെ അമ്പിളിമാമനെ കണ്ടു അന്ധം വിട്ടു നില്‍ക്കുന്ന ഒരു കുട്ടിയുടെ മനോവ്യപാരത്തോടെ എനിക്കുപമിക്കാന്‍ സാധിക്കൂ .
ഒരു പടയണിക്കാലം കഴിഞ്ഞാല്‍ അടുത്ത പടയണിവരെ അത് മാത്രം പടയണിയെ നെഞ്ചിലേറ്റി നടക്കുന്ന ഈ മനുഷ്യന് വേറെ എന്തുണ്ട് തന്‍റെ ഒഴിവു സമയത്ത് ചെയ്യാന്‍. എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് അന്നത്തിന്റെ ചുണ്ട് മാലയാണ്. ഒരു മില്ലിമീറ്ററില്‍ താഴെ മാത്രം കട്ടി വരുന്ന പേപ്പെര്‍ കൊണ്ടദ്ദേഹം അഞ്ചു സെന്റി മീറ്ററില്‍ അധികം നീളം വരുന്ന ഒരു ചുണ്ട് മാല തീര്‍ത്തിരിക്കുന്നു,അതിനു മാത്രം വേണ്ടിവന്നിരിക്കാം അരമാസം സമയം മുഴുവനായും. പണിതീര്‍ക്കാന്‍ നാലു മുതല്‍ അഞ്ചു മാസം എടുത്തു എന്നണദ്ദേഹം പറയുന്നത്. എന്തായാലും സമയത്തിന് മുന്‍പേ പായുന്ന ഇന്നത്തെ ജീവിത യാത്രയില്‍ ഒരു നിമിഷം ഇത്തരമൊരു കരകൌശലം കണ്ടു കുന്ദം വിഴുങ്ങിനില്‍ക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
നീലമ്പേരൂര്‍ പടയണിയില്‍ നിരവധി വ്യത്യസ്തങ്ങളായ ആശയങ്ങള്‍ കാലങ്ങളായി അവതരിപ്പിച്ച വ്യക്തിയാണ് "കാ". പടയണികാലത്ത് വൈകുന്നേരങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്ന "ഞാന്‍ പറഞ്ഞത് ശരിയോ...തെറ്റോ ..."എന്ന വാചകം മാത്രം മതി കാ യുടെ സാന്നിധ്യം മനസിലാക്കുവാന്‍. രാപകലെന്യേ പടയണികളത്തില്‍ ഒരു ഹംസമായി പറന്നു നടക്കുന്ന ഈ കൃശഗാത്രന്റെ ഉള്ളില്‍ ഇത്രയും വലിയ ഒരു കലാഹൃദയമുണ്ടെന്നു ആരും കരുതുകയില്ല. പടയണിയെ ജീവതാളമാക്കിയ ഇതു പോലുള്ള അനേകം "കാ" മാരുടെ അത്യധ്വാനവും മാനസിക വ്യാപാരങ്ങളും ആണ് നീലമ്പേരൂര്‍ പടയണിയെ ഇന്ന് കാണുന്ന സ്ഥിതിയില്‍ എത്തിച്ചത്. അതിനു നാട്ടിലെ എല്ലാ നല്ലവരായ ആബാലവൃധം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ എല്ലാകാലത്തും കിട്ടുകയും കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
കുട്ടിക്കാലത്ത് പൂരത്തിന് ശേഷം ചെരുപടയണികള്‍ ധാരാളമായി നടത്തപ്പെട്ടിരുന്നു. നീലംപെരൂരിലെ ഒട്ടു മിക്ക കപ്പ പറമ്പുകളിലും യക്ഷിയും ഭീമനും വല്യന്നവും തുള്ളിക്കളിക്കുമായിരുന്നു. വീറും വാശിയോടെയും ആയിരുന്നു ഓരോ കൊച്ചു പടയണിപ്പറമ്പുകളിലും കോലങ്ങള്‍ ഉണ്ടാക്കിയിരുന്നത്. തെങ്ങിന്‍മടലില്‍ കച്ചിവച്ചു വരിഞ്ഞു കെട്ടി നിരപണിതീര്‍ത്ത കോലങ്ങള്‍ ആടി തിമിര്‍ത്തു തുള്ളിച്ചു ആരെങ്കിലും തമ്മില്ലുള്ള കയ്യംകളിയില്‍ അവസനിക്കുമായിരുന്നു. ഇന്ന് നീലംപേരൂരില്‍ അങ്ങിനെയുള്ള ചെറു പടയണികള്‍ നാമവശേഷം ആയിരിക്കുന്നു.പാട്ടയില്‍ കൊട്ടി പ്രതിധ്വനിക്കുന്ന "വല്യന്നം വന്നെട...."താളത്തില്‍ കാ യുടെ വല്യന്നം ഏതെങ്കിലും കൊച്ചു പടയണി പറമ്പില്‍ തിരുനട സമര്‍പ്പണം നടത്തുമോ?കാത്തിരുന്ന് കാണാം............

1 comments:
List your blog for FREE in Malayalam Blog Directory Powered By Malayalam Songs
Post a Comment