31 October, 2010

പടയണിയും ഞങ്ങളും പിന്നെ കുറെ വിക്രിയകളും

ലേഖകന്‍: സജിത്, നീലംപേരൂര്‍  

ചിങ്ങം മുതല്‍  നാടിനും നാട്ടാര്‍ക്കും ആഘോഷതിമിര്‍പ്പിന്‍റെ  നാളുകളാണ്.  ഓണത്തിന്‍റെ  ആഘോഷങ്ങള്‍ തീരുന്നതിനു മുന്‍പേ പടയണി ആരംഭിക്കുകയായി. 16 ദിവസങ്ങള്‍ പിന്നീടു വല്യന്നത്തിന്‍റെ  പുറകെയാണ്. അവിട്ടത്തിന്‍റെ  അന്ന് ചൂട്ടിടില്‍, പിന്നെ വളരെ സന്തോഷമാണ് ഞങ്ങള്‍ കുട്ടികള്‍ക്ക്. പിറ്റേദിവസം ഓലവെട്ടാന്‍  മുതിര്‍ന്നവര്‍ പോകും, വള്ളത്തിലാണ് പോകുന്നത്, പടിഞ്ഞാറന്‍ ചിറകളില്‍  നിന്നും ഓലയും ആയി വൈകുന്നേരം തിരിച്ചെത്തും .പടയണിക്കാവശ്യമുള്ള ചൂട്ട് നിര്‍മ്മിക്കാന്‍ വേണ്ടിയാണീ ഓലകള്‍. ഓലമടലുകള്‍ അമ്പലത്തിന്‍റെ  മൈതാനത്തു  നിരത്താന്‍ ഞങ്ങളും കൂടും. മതിലിന്‍റെ  സൈഡില്‍ നിറയെ മടലുകള്‍ കുത്തിചാരിവയ്ക്കും. പിറ്റേ  ദിവസം മുതല്‍ കള്ളനും പോലീസും സാറ്റുകളിയും  മറ്റും ഇതിനിടയിലാണ്. സ്കൂളില്‍ നിന്നും വന്നാലുടനെ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞിട്ട്‌ ഒറ്റ ഓട്ടമാണ് അമ്പലത്തിലേക്ക്. കുട്ടികള്‍ക്കും രാത്രിവരെ അമ്പല മൈതാനത് നില്‍ക്കാനുള്ള സ്വാതന്ത്ര്യം പടയണി സമയത്ത് കിട്ടുന്നു. രാത്രി 10 .30 നു  ആണ് ചൂട്ടിടുന്നത്. രാത്രി ഭക്ഷണത്തിന് ശേഷം വീണ്ടും അമ്പലത്തില്‍ പോകാം. വല്യന്നത്തിന്‍റെ  ചട്ടത്തില്‍ കുത്തിയിരിക്കാം . ചൂട്ടിട്ടതിനു  ശേഷം കൂവാന്‍ പാടില്ല  എന്നാണ്. പണ്ട് മീന്‍കാര്‍  പോലും അമ്പലപരിസരത്ത് വരുമ്പോള്‍ കൂവാറില്ലായിരുന്നു. ചൂട്ടിട്ടതിനു ശേഷം ആയിരുന്നു  പുത്തന്‍ അന്നത്തിനുള്ള മരം വെട്ടിയിരുന്നത്.

വല്യന്നത്തിന്‍റെ ചട്ടത്തില്‍ ഓടിക്കളിയൊരു പ്രധാന വിനോദം ആയിരുന്നു. ശനിയും  ഞായറും പടയണിക്കളം  സജീവമാകും. എല്ലാവരും കാണും കളത്തില്‍. വല്യന്നത്തിന്‍റെ വാരി വരിച്ചില്‍ തുടങ്ങുകയായി, വില്യാടത്തില്‍ ഗോപിചേട്ടന്‍ എന്ന ഭയങ്കരന്‍ അവിടുണ്ട്, അദ്ദേഹത്തിന്‍റെ കണ്ണ് വെട്ടിച്ചു വേണം കളിയ്ക്കാന്‍. ഓടി കളിക്കുന്നതിനിടയില്‍ കീറി വച്ചിരിക്കുന്ന വള്ളിയില്‍ ചവുട്ടിയാല്‍ തെറിവിളി തുടങ്ങും. എന്നാലും ഇതൊന്നും ഒരു പ്രശ്നവുമല്ല. കമുകിന്‍റെ  പൊങ്ങു പടയണിക്കളത്തില്‍ നിറയെ കാണും.  കായിക്കര ചീമു (കായിക്കര ശ്രീക്കുട്ടന്‍) പേനാക്കത്തികൊണ്ടു  ചെത്തി മനോഹരമായ പന്ത് പൊങ്ങില്‍ ഉണ്ടാക്കിത്തരും, പിന്നീട്  അത് വച്ചിട്ട് ഏറു   പന്തുകളിയാണ്‌.

മഠത്തില്‍ കൃഷ്ണപിള്ളചേട്ടനും കായും (ഇടത്തുംപറമ്പില്‍  കരണന്‍) ചെറിയന്നങ്ങളുടെ വരിച്ചിലുമായി ആലിന്‍റെ  ചുവട്ടില്‍ കാണും. വളരെ കുറച്ചന്നങ്ങളെ അന്നുണ്ടയിരുന്നുള്ളൂ. "ഡോ താനൊന്നു കൂടിക്കേടോ വള്ളികെട്ടാന്‍ "അദ്ദേഹം പറയും, അരണമരത്തിന്‍റെ  നാരു നനച്ചുകൊണ്ട് വരുവാനും വള്ളി കെട്ടാമായി ഞങ്ങള്‍ കൂടും. വരിച്ചിലിനു ശേഷം വീട്ടില്‍ ചെന്ന് കഴിക്കുമ്പോള്‍ ആണ് പലപ്പോഴും കൈ മുഴുവന്‍ കീറിയ കാര്യം അറിയുന്നത്. പിന്നീടു കൃഷ്ണചേട്ടന്‍റെ  മേല്‍നോട്ടത്തില്‍ സ്വന്തമായി ഞങ്ങള്‍ അന്നം വരിയന്‍ തുടങ്ങി. ചെരാറ്റു  ബിപിന്‍ ആയിരുന്നു ഞങ്ങളുടെ ഗോപിചേട്ടന്‍.

അന്നം പണിയുന്ന ആശാരിമാരുടെ അടുത്തും ഞങ്ങളുടെ സന്ദര്‍ശനം ഉണ്ടാവും. നെടുംപള്ളില്‍ വീട് അമ്പലത്തിന്‍റെ  വളരെ അടുത്താണ്,മൈതാനത്തു  നിന്നാല്‍ അന്നം പണിയുന്നത് കാണാം. വഴിയില്‍ വലിയ പടുത  വലിച്ചുകെട്ടിയിട്ടുണ്ടാവും. അവിടെ പോയി ഏതെങ്കിലും തടിയില്‍ കുത്തിയിരുന്ന് ചിന്തേരിടുന്നതും പോഴിയിടുന്നതും നോക്കിയിരിക്കും. പുത്തന്‍ തടിയുടെ ഗന്ധം മൂക്കിലേക്ക്  തുളച്ചുകയറും. വാസുപ്പണിക്കന്‍  ചൊട്ടനാക്കിനു തുളയിടുന്നത് കാണാന്‍ പ്രത്യേക രസമായിരുന്നു. പ്രത്യേകതയുള്ള ആ ഉളിയില്‍  ഒരു കൈ മുകളില്‍ അമര്‍ത്തിപ്പിടിച്ചു മറ്റേ കൈകൊണ്ടു കറക്കിയാണ് തുളയിട്ടിരുന്നത്. ഒക്കാണിക്ക് ആവശ്യമുള്ള  അലകിന്‍ കഷ്ണം  അമ്പലത്തില്‍ നിന്നും എടുത്തുകൊണ്ടുപോയിക്കൊടുക്കുന്നത് ഞങ്ങളുടെ പണിയായിരുന്നു. അന്നം പണികഴിഞ്ഞാല്‍ വഴിപടുകാരന്‍റെ  വീട്ടില്‍ ഓടിപ്പോയി പറയും, അവിടെനിന്നും അമ്പലത്തില്‍ കൊണ്ട് നടയ്ക്കു വക്കുന്നത് വരെ കൂടെ കാണും.

കുടനിര്‍ത്താകുമ്പോള്‍ പാറവളയം ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ പോയി ചെത്തിപ്പൂ കോര്‍ക്കാന്‍ സഹായിച്ചു കൊടുക്കും . പരുണ്ണി (ഉണ്ണികൃഷ്ണന്‍ പരുത്തൂട്ട്) സ്ഥിരമായി പാറവളയം   ഉണ്ടാക്കുമായിരുന്നു. അവിടിരുന്നു  സഹായിച്ചുകൊടുക്കും. അന്ന് കുടനിര്‍ത്തും പ്ലാവിലനിര്‍ത്തും  കുട്ടികളുടെ മകവും പൂരവും ആണെന്നാണ് പറഞ്ഞിരുന്നത്. മകത്തിനും പൂരത്തിനും കുടംപൂജകളിയും തോത്തകളിയും മാറിനിന്നു കാണാനേ അനുവാദടമുണ്ടയിരുന്നുള്ളൂ. ഇന്നു  ആ സ്ഥിതിയെല്ലാം മാറി. എല്ലാരും കഴുത്തിലോ അരയിലോ തോര്‍ത്തും കെട്ടി കുടംപൂജ  കളിക്ക് വട്ടത്തില്‍ നില്‍ക്കും. അതിനു ശേഷം തോത്തകളി, പിന്നീടു വല്യന്നം വന്നിട താളത്തില്‍ തുള്ളല്‍, വിയര്‍ത്തു കുളിച്ചു അമ്മയുടെ കയ്യും പിടിച്ചു വീട്ടിലേക്ക്‌ തിരിച്ചു നടക്കുമ്പോള്‍ പറയും "നിനക്കൊന്നു ഇറങ്ങിക്കളിക്കാന്‍ മേലായിരുന്നോ"(കുടംപൂജയില്‍ ആഴിക്കു ചുറ്റും താളത്തിനൊത്ത്    നൃത്ത ചുവടുകള്‍ വയ്ക്കുന്നത്). അന്നും ഇന്നും എന്‍റെ  സഭാകമ്പം എന്നെയിതിനു അനുവദിച്ചിട്ടില്ല.
കുടനിര്‍ത്തിനു പിറ്റേദിവസം മുതല്‍ ഊട്ട്‌പുരയിലാണ് സായാഹ്നങ്ങള്‍. പ്ലാവിലകോലം തുടങ്ങുകയായി. അതിനുള്ള പ്ലാവില കുത്തിക്കൊടുക്കണം, ചെത്തിപ്പൂ  അടര്‍ത്തികൊടുക്കണം, കമുകിന്‍ വാരിയില്‍  കോലം വെച്ചുകെട്ടണം. പ്ലാവില കുത്തുന്നത് രണ്ടെണ്ണം വീതം വരിയായി വച്ചാണ്. ഈര്‍ക്കില്‍ ആണ് ആണി. കൂട്ടിക്കുത്തു ശ്രമകരമായ ജോലിയാണ്. അവിടെയും കൃഷ്ണചേട്ടന്‍ സഹായത്തിനെത്തും. ദീപാരാധന സമയമാവുമ്പോള്‍ മുഖമൊഴിച്ചുള്ള പണികള്‍ തീര്‍ന്നിരിക്കും പാളയുടെ പച്ചയില്‍ മുഖം വാര്‍ന്നെടുക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു. കൃഷ്ണചെട്ടനും ജയന്‍ ചേട്ടനും (മഠത്തില്‍ ജയന്‍) ആയിരുന്നു ഇതു ചെയ്തിരുന്നത്. പേനാക്കത്തികൊണ്ട് വാര്‍ന്നു പച്ച എടുത്തു കളയും അവിടെ തെളിയുന്ന വെള്ളയാണ് പുരികവും കണ്ണും മൂക്കും ചുണ്ടും മറ്റും. പ്ലാവിലനിര്‍ത്തിനു ഞങ്ങളുടെ വക ഓന്നോ  രണ്ടോ കോലങ്ങള്‍ കാണും. മീന്‍, വള്ളം,  ശൂര്‍പ്പണഖ തുടങ്ങിയവ.

മകം  പടയണിയുടെ രണ്ടു ദിവസം മുന്‍പ് ഓലവെട്ടി വീട്ടിലിട്ടുതരും. അമ്മയും മറ്റെമ്മച്ചിയും (മുത്തശ്ശി) ചേര്‍ന്നിരുന്നു രാത്രിയില്‍ ഓലക്കാലുകള്‍ ചീകി തീര്‍ക്കും. മകം, അന്ന് രാവിലെ മുതിര്‍ന്നവര്‍ ചെത്തിപ്പൂ  പറിക്കാന്‍ വലിയ ചാക്കുമായി പോകും. വീട്ടില്‍ നിന്നും അച്ഛനും പോകും, ചാക്കുനിറയെ പൂവുമായിഉച്ചയാകുമ്പോള്‍ തിരിച്ചെത്തും. വന്നാലുടനെ വാഴയില  വെട്ടി അതിലേക്കു പൂക്കള്‍ നിരത്തും. കുറച്ചു വെള്ളവും തളിക്കും. വൈകുന്നേരം ആകുമ്പോള്‍ ചെത്തിപൂ ഒരു മുപ്പറകൊട്ടയില്‍ ആക്കി ഞാനും അച്ഛനും അമ്പലത്തിലേക്ക് പോകും. എന്‍റെ  കയ്യില്‍ ഒരുകെട്ട്‌ ചീകിയ ഈര്‍ക്കില്‍ കാണും, അന്നത്തിനുള്ള ആണി. അമ്പലത്തില്‍ ചെന്നുകഴിഞ്ഞാല്‍ ചിറമ്പ്‌  കുത്തു  ആരംഭിക്കുകയായി, പക്ഷെ അമ്പലക്കോട്ടയും വേലയന്നങ്ങളും പണിയുന്നിടത് ചുറ്റിതിരിയാനാണ് ഞങ്ങള്‍ക്കിഷ്ടം. ഇവിടെയും ഗോപിചെട്ടന്‍റെ  ദൃഷ്ടി പതിയും, പിള്ളേരെ ഓടിച്ചു ചിറമ്പ്  കുത്തുന്നിടത്തെക്ക് വിടും. രാത്രി മകം പടയണി കൂടി വീട്ടിലേക്ക്‌ യാത്രയാകും.
നീലംപേരൂരിലെ എല്ലാ സ്ത്രീകള്‍ക്കും ഒരു ആഗ്രഹമുണ്ട്. ഒരു ആണ്‍കുട്ടിയെങ്കിലും വേണമെന്ന്. പൂരത്തിന് വല്യന്നത്തിന്‍റെ  വച്ചുകെട്ടില്‍ കേറിനിന്നു പണിയാന്‍. പൂരത്തിന്‍റെ   അന്ന് രാവിലെ തന്നെ എല്ലാവരും  അമ്പലത്തില്‍ എത്തും.വല്യന്നതില്‍ ഒരു താമരയിലയെങ്കിലും കുത്തുക എന്നതാണാഗ്രഹം, പക്ഷെ അവിടെ അടുത്തൊന്നും എത്താന്‍ പോലും സാധിക്കില്ല, ഞങ്ങളുടെ രക്ഷകനായി കുഞ്ഞേട്ടന്‍ (വില്യടത്തില്‍ നാരായണന്‍ നായര്‍) എത്തും. യക്ഷിയും ഭീമനും പണിയാം. താമരയിലയോ മാറാമ്പോ കുത്താം ചിത്രപ്പണികള്‍ ചെയ്യാം. പെട്ടകത്തിന് ചുറ്റും വാഴപ്പോള പൊതിയുന്ന പണിയായിരുന്നു ആദ്യം. കുറെ നേരം കഴിയുമ്പോള്‍ വിരസമായ ജോലി. കുഞ്ഞേട്ടന്‍റെ  ഭാഷയില്‍ "കൊകൊടോണിക്" (നാരങ്ങ വെള്ളം) ഇടയ്ക്കിടയ്ക്ക് വാങ്ങിത്തരും. അതിനാല്‍ പൂര്‍ത്തിയാക്കാതെ പോകാനും വയ്യ. ഉച്ചകഴിഞ്ഞാല്‍ പുത്തനന്നങ്ങളുടെ പണി തുടങ്ങുകയായി. ഏതെങ്കിലും അന്നക്കാരുടെ കൂടെ കൂടും. നിറപണി  തീര്‍ത്ത അന്നങ്ങള്‍ പൂന്തോട്ടത്തില്‍ പടിക്കല്‍ കൊണ്ടുപോയി ഇടുന്നത് വരെ സജീവമായി നില്‍ക്കും(ഇന്ന് താഴത്തെ മൈതാനം ആയ "മാനസസരസില്‍"നിന്നുമാണ് അന്നങ്ങള്‍ തിരുനട സമര്‍പ്പണം നടത്തുന്നത്). വീട്ടില്‍ പോയി ഭക്ഷണത്തിന് ശേഷം അയല്‍പക്കക്കാരും എല്ലാവരും ആയി ഒരു ജാഥ തന്നെ അമ്പലത്തിലേക്ക് പുറപ്പെടുകയായി. കുട്ടികള്‍ മുന്‍പേ നടക്കും. അമ്പലത്തില്‍ ചെന്നാലുടനെ നമ്മുടെ സ്ഥാനം പിടിക്കും,വേറെങ്ങുമല്ല, മതിലിനു മുകളില്‍. അവിടിരുന്നാണ് പൂരം മുഴുവനും കാണുന്നത്. വല്യന്നം വന്നിട താളത്തിനോപ്പിച്ചു  തുള്ളും. വെട്ടുകല്ലിന്‍റെ  പരുപരുപ്പില്‍ ചന്തി  പലപ്പോഴും വേദനിക്കും . മുഴുവന്‍ പടയണിയും കാണാതെ കണ്ണാടിതിണ്ണയില്‍ കിടന്നുറങ്ങിയ അവസരങ്ങള്‍ അനവധിയാണ്.
പിറ്റേദിവസം രാവിലെ തന്നെ അമ്പലത്തില്‍ എത്തും.  പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കങ്ങള്‍ പെറുക്കിയെടുക്കാന്‍. ബിപിനും അന്തോണി(സന്തോഷ്‌ വാര്യത്)യും മറ്റും കാണും. വല്യന്നത്തിന്‍റെ  ചട്ടത്തില്‍ മുതിര്‍ന്നവര്‍ പൂരം അവലോകനം ആയിരിക്കും. ഞങ്ങള്‍ ഓലപ്പടക്കത്തിന്‍റെ  മരുന്ന് പേപ്പറില്‍  കുടഞ്ഞിട്ടു പൂത്തിരി കത്തിക്കും. ചിലപ്പോള്‍ കപ്പളതണ്ടില്‍ നിറച്ചു പൂ കത്തിക്കും. മറ്റൊരു പരിപാടി മഹാവിഷ്ണു നടയുടെ സമീപമായുള്ള സര്‍വേ കല്ലില്‍ മരുന്നും തിരിയും അതിനു മുകളിലായി ഒരു മെറ്റല്‍ കഷ്ണവും വച്ച് വലിയ കല്ല്‌ കൊണ്ടെറിഞ്ഞു പടക്കം പൊട്ടിക്കല്‍ ആണ്.

മൂന്നു നാലു ദിവസത്തിന് ശേഷം കോലങ്ങളില്‍ നിന്നും അന്നത്തില്‍ നിന്നും ഈര്‍ക്കില്‍ വലിച്ചൂരി വീട്ടില്‍ കൊണ്ടുപോയി കെട്ടിതൂക്കും. നാക്കുവടിക്കാന്‍ വേണ്ടിയാണു. ചിലര്‍ ആന തയ്ചിരിക്കുന്ന കറുത്ത നൂല്‍ അഴിച്ചെടുത്തു കയില്‍ കെട്ടും. ആനയുടെ വയറു സിസേറിയന്‍ ചെയ്യുക ഒരു പ്രധാന വിനോദം ആയിരുന്നു. സാറ്റും കള്ളനും പോലീസും കളിക്കുമ്പോള്‍ അതില്‍ കേറി ഒളിച്ചിരിക്കുമായിരുന്നു. സ്കൂളില്‍ ‍ പോകാതെ അതില്‍ കിടന്നുറങ്ങിയവരുമുണ്ട്.

രണ്ടാഴ്ച കഴിയുമ്പോള്‍ എല്ലാം അഴിച്ചു വയ്ക്കാന്‍ തുടങ്ങും. കൊച്ചന്നങ്ങള്‍ ഞങ്ങള്‍  തല്ലിപ്പറിക്കുകയാണ് ചെയ്യുക. അടുത്ത വര്‍ഷത്തേയ്ക്കുള്ള വേലയന്നങ്ങള്‍ മുതിര്‍ന്നവര്‍ അഴിച്ചു വയ്ക്കും. കച്ചിയെല്ലാം വാരിക്കൂട്ടി കത്തിച്ചു അതിനു ചുറ്റും ഒരു കുടംപൂജ കളി നടത്തി എല്ലാവരും വീട്ടിലേക്കു പിരിയും, അടുത്ത വര്‍ഷത്തെ പൂരത്തിനായി ....................

0 comments:

Related Posts with Thumbnails
Share |