ലേഖിക: രാജമ്മ ടീച്ചര്‍, പൂന്തോട്ടം
ക്ഷേത്ര സംസ്കാരം ഉടലെടുത്തതോടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയും തന്ത്രികാചാരങ്ങള്‍ക്ക് പ്രമുഖ്യമുണ്ടാകുകയും ചെയ്തു. ദേവപ്രീതിക്കായി ഉത്സവങ്ങള്‍ നടത്തപ്പെട്ടു. താന്ത്രിക വിദ്യക്കായിരുന്നു അവിടെ പ്രാധാന്യം. അങ്കുരാദി, ദ്വാജാദി, പടഹാദി എന്ന് മൂന്നു തരം ഉത്സവങ്ങള്‍ നിലവില്‍ വന്നു. നമ്മുടെ എല്ലാ ക്ഷേത്രങ്ങളിലും നിലനിന്നു പോന്നിരുന്നത് താന്ത്രിക പ്രാധാന്യമുള്ള ധ്വജാദിയാണ്. പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ക്കനുസരണമായി കോലങ്ങള്‍ ചമച്ചു തുള്ളുന്നതാണ് പടഹാദി. പടയണികളെല്ലാം പടഹാദിയാണ്. താന്ത്രിക വിദ്യക്കിവിടെ പ്രാധാന്യം കുറവാണ്.
നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവം മറ്റു പടയണികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതാണ്. ഇതിന്‍റെ പ്രയോക്താക്കള്‍ ആരണെന്നുളളതിനു ഒരു തെളിവുമില്ല. എങ്കിലും വളരെ വിജ്ഞാനികളായ ആത്മീയ ഗുരുക്കന്മാരാണ് ഇതിന്‍റെ പിന്നിലെന്ന് തോന്നിപ്പോകുന്നു. കാരണം ആല്മീയമായി ഇതിനെ അപഗ്രഥിച്ചാല്‍ ജീവന കലയുടെ അടിസ്ഥാനമാണിതെന്നു തോന്നും. പ്രകൃതിയോടുള്ള മനുഷ്യന്‍റെ സ്നേഹം ഈ ഉത്സവത്തിന്‍റെ അടിസ്ഥാനപ്രമാണമായി എടുക്കാം. കാരണം ഫലമെടുത്തശേഷം ഉപേക്ഷിക്കുന്ന വാഴയുടെ പോള, കാട്ടില്‍ വളരുന്ന വള്ളി, ചെത്തിപൂവ്, ചെളിയില്‍ വളരുന്ന താമരയില, ഇവയെല്ലാംകൊണ്ട് മനോഹര രൂപങ്ങള്‍ ഉണ്ടാക്കുന്നു. പ്രകൃതിയില്‍ ലഭ്യമായ ചെങ്കല്ല് കരി, പച്ചിലനീര് ( ഇന്ന് സ്ഥിതി മാറിയെങ്കിലും ) എന്നിവയാണ് നിറക്കൂട്ടുകളായി ഉപയോഗിച്ചിരുന്നത്. പ്രകൃതിയില്‍ ഒന്നും നിസ്സാരമല്ലെന്ന അറിവാണതുണ്ടാക്കുന്നത്. പതിനാറു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങില്‍ ആദ്യ ദിവസം ശ്രീകോവിലില്‍ നിന്നും അഗ്നി ചൂട്ടിലേക്ക് പകര്‍ന്നു ജനങ്ങള്‍ ആര്‍ത്തു വിളിക്കുന്നു. ഈ അഗ്നി അറിവിന്‍റെ പ്രതീകമല്ലേ? ധ്യാനനിരതനാകുന്ന ഒരാള്‍ ആദ്യം തേജസ്സിനെയാണല്ലോ മനസ്സില്‍ ധ്യാനിക്കുന്നത്. അഗ്നിക്ക് ചുറ്റും നിന്ന് കൈകൊട്ടി കീര്‍ത്തനം ചൊല്ലുന്ന ജനങ്ങള്‍ "നന്നായ് വരുവാന്‍ എല്ലാ ജനവും നന്മയനുഗ്രഹമെകീടെണെ" എന്ന് പാടുമ്പോള്‍ "ലോക സമസ്ത സുഖിനോ ഭവന്തു" എന്ന ഉദാത്തമായ സങ്കല്മല്ലേ ഉദ്ഘോഷിക്കുന്നത്.? നന്മയും തിന്മയും ചരങ്ങളും അചരങ്ങളും ഒത്തു ചേരുന്നതാണ് പ്രപഞ്ചം. ആ സങ്കല്പത്തിലാണ് രാവണന്‍, മത്സ്യം, സിംഹം, ആന തുടങ്ങിയ കോലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സത്വഗുണ പ്രതീകമായ താപസനും അമ്പലക്കോട്ടയും പടയണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബ്രഹ്മാവിന്‍റെ മാനസപുത്രന്മാരായ സനകാദികള്‍ ബ്രഹ്മാവിന്‍റെ അടുത്തു ചെന്ന് ചില സംശയങ്ങള്‍ ചോദിച്ചപ്പോള്‍ ഉത്തരമില്ലാതെ ബ്രഹ്മാവ് കുഴങ്ങി. ആ സമയത്ത് മഹാവിഷ്ണു ഹംസത്തിന്‍റെ രൂപത്തില്‍ വന്നു ബ്രഹ്മാവിന് അറിവ് പകര്‍ന്നു കൊടുത്തതായി ഭാഗവതത്തില്‍ പറയുന്നു. അറിവിന്‍റെ ദേവതയായ സരസ്വതിയും ഹംസയുക്ത വിമാനസ്ഥയാണ്. ആ അടിസ്ഥാനത്തില്‍ ദേവിക്ക് സമര്‍പ്പിക്കുന്ന "അന്നം" അറിവിന്‍റെ മഹത്തായ പ്രതീകമാണ്. എല്ലാറ്റിന്‍റെയും അടിസ്ഥാനം അറിവ് തന്നെയാണല്ലോ. അതുകൊണ്ടായിരിക്കണം പൂര്‍വികര്‍, പടയണിയിലെ പ്രധാന ഇനം അന്നമായി സമര്‍പ്പിച്ചിരുന്നത്.
ഭക്തിയുടെ അവസാന പടിയാണല്ലോ ആല്മനിവേദനം. സാധകന്‍ ധ്യാനത്തില്‍ കുണ്ടലിനി ശക്തിയെ ഉണര്‍ത്തി ഷഢാധാരങ്ങളില്‍ കൂടി പ്രാണന്‍ സഹസ്രാരപല്‍മതിലെത്തിച്ചു ആല്‍മസാക്ഷാല്‍ക്കാരം നേടുന്ന സംഗതി വളരെ ലളിതമായി വേലകളിയിലെ " ചേട്ടോ ചേട്ടോ ഇത് കേട്ടോ കേട്ടോ... മൂലകിഴങ്ങിനു മൂന്നല്ലോ വള്ളി...വള്ളിക്ക് ചുറ്റുകളാറുണ്ട് കേട്ടോ......" എന്ന പാട്ടിലൂടെ പടയണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതായതു അന്നതിന്‍റെ സമര്‍പ്പണത്തിലൂടെ ഇവിടെ ആല്‍മസമര്‍പ്പണം നടത്തുകയാണ് സാധകന്‍. ആ ആനന്ദ ലബ്ധിയില്‍ സ്വയം മറന്നു ആനന്ദ നൃത്തം ചെയ്യുന്നതാണ് "പൂരം തുള്ളല്‍ " സച്ചിദാനന്ദരൂപോഹം അഹമേവഹമാവ്യയ" എന്ന ഉപനിഷദ് വാക്യം ഇവിടെ പ്രകടമാവുന്നു. ഇവിടെ താന്ത്രികാചാരമില്ല. സ്വയം സമര്‍പ്പണമാണ് നടക്കുന്നത്. ജ്ഞാനയോഗവും, ഭക്തിയോഗവും, കര്‍മയോഗവും സമഞ്ജസമായി ഉള്‍ക്കൊള്ളാന്‍ നീലംപേരൂര്‍ പടയണി വഴി തെളിക്കുന്നു.
അന്നങ്ങളും കോലങ്ങളും തീര്‍ക്കുന്നതിനു നാട്ടിലെ ആളുകള്‍ കയ്യും മെയ്യും മറന്നു, ജാതിമത ചിന്തകളില്ലാതെ, പണ്ഡിത പാമര ഭേദമില്ലാതെ, കുചേലകുബേര ഭേദമില്ലാതെ പതിനാറു ദിവസം നിഷ്കാമ കര്‍മ്മം ചെയ്യുന്നു. "ഈശാവാസ്യമിദം സര്‍വം" എന്ന ഉപനിഷദ് വാക്യത്തെയും " ഈശ്വര സര്‍വഭൂതാനം ഹൃ ദ്ദേശേര്‍ജ്ജുന തിഷ്ഠതി" എന്ന ഗീതാര്‍ത്ഥത്തെയും ഉള്‍ക്കൊണ്ടു സകല ചരാചരങ്ങളെയും ഒന്നായിക്കാണ്ട് എല്ലാം പരദേവതയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്ന ഉദാത്തമായ കര്‍മയോഗ ഭാവന മറ്റൊരിടത്തും കാണാനില്ല താനും.
" ഓം സഹനാ വവതു
സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനവധീതമസ്തു
മാ വിദ്വിഷാവഹൈ "
ഈ മഹത്തായ വാക്യം പൂരപ്പറമ്പില്‍ പ്രായോഗികമാകുന്നു. ഒരുമിച്ചു ഭക്ഷിക്കുന്നു, ഒരുമിച്ചു വീര്യം പങ്കിടുന്നു, അറിവിനെ ജ്വലിപ്പിക്കുന്നു, വിദ്വേഷങ്ങള്‍ മറക്കുന്നു, എല്ലാം പരമാല്മ ചൈതന്യത്തില്‍ സമര്‍പ്പിക്കുന്നു. ഈ മഹായജ്ഞം തുടര്‍ന്ന് പോകാന്‍ പരാശക്തി വരും തലമുറകള്‍ക്കും ശക്തി പകരട്ടെ.
(ലേഖിക നീലംപേരൂര്‍ സ്വദേശിയും കുറിച്ചി ഗവര്‍ന്മേണ്ട് സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപികയുമാണ്. പടയണിയില്‍ ഇപ്പോള്‍ സഹകരിക്കുന്ന മൂന്നു തലമുറകള്‍ക്കെങ്കിലും അറിവ് പകര്‍ന്നു നല്‍കിയ ടീച്ചറിന്‍റെ ആത്മീയ ഭൗതിക മേഖലകളിലുള്ള അറിവുകള്‍ സ്മരിക്കപ്പെടെണ്ടതാണ്. ഇവിടെ ലേഖനം എഴുതിയ അനില്‍(ഉണ്ണി), അജയ്, ലേഖ എന്നിവര്‍ ടീച്ചറിന്‍റെ മക്കള്‍ ആണ്.)

1 comments:
വളരെ നന്നായിരിക്കുന്നു, വര്‍ഷങ്ങളുടെ അനുഭവഞ്ഞാനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ കണ്ടെത്തലുകളും അറിവും പങ്കുവചിരിക്കുന്നു. ഇതുപോലുള്ള ലേഖനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍.
Post a Comment