31 October, 2010

പടയണിയും ഞങ്ങളും പിന്നെ കുറെ വിക്രിയകളും

ലേഖകന്‍: സജിത്, നീലംപേരൂര്‍  

ചിങ്ങം മുതല്‍  നാടിനും നാട്ടാര്‍ക്കും ആഘോഷതിമിര്‍പ്പിന്‍റെ  നാളുകളാണ്.  ഓണത്തിന്‍റെ  ആഘോഷങ്ങള്‍ തീരുന്നതിനു മുന്‍പേ പടയണി ആരംഭിക്കുകയായി. 16 ദിവസങ്ങള്‍ പിന്നീടു വല്യന്നത്തിന്‍റെ  പുറകെയാണ്. അവിട്ടത്തിന്‍റെ  അന്ന് ചൂട്ടിടില്‍, പിന്നെ വളരെ സന്തോഷമാണ് ഞങ്ങള്‍ കുട്ടികള്‍ക്ക്. പിറ്റേദിവസം ഓലവെട്ടാന്‍  മുതിര്‍ന്നവര്‍ പോകും, വള്ളത്തിലാണ് പോകുന്നത്, പടിഞ്ഞാറന്‍ ചിറകളില്‍  നിന്നും ഓലയും ആയി വൈകുന്നേരം തിരിച്ചെത്തും .പടയണിക്കാവശ്യമുള്ള ചൂട്ട് നിര്‍മ്മിക്കാന്‍ വേണ്ടിയാണീ ഓലകള്‍. ഓലമടലുകള്‍ അമ്പലത്തിന്‍റെ  മൈതാനത്തു  നിരത്താന്‍ ഞങ്ങളും കൂടും. മതിലിന്‍റെ  സൈഡില്‍ നിറയെ മടലുകള്‍ കുത്തിചാരിവയ്ക്കും. പിറ്റേ  ദിവസം മുതല്‍ കള്ളനും പോലീസും സാറ്റുകളിയും  മറ്റും ഇതിനിടയിലാണ്. സ്കൂളില്‍ നിന്നും വന്നാലുടനെ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞിട്ട്‌ ഒറ്റ ഓട്ടമാണ് അമ്പലത്തിലേക്ക്. കുട്ടികള്‍ക്കും രാത്രിവരെ അമ്പല മൈതാനത് നില്‍ക്കാനുള്ള സ്വാതന്ത്ര്യം പടയണി സമയത്ത് കിട്ടുന്നു. രാത്രി 10 .30 നു  ആണ് ചൂട്ടിടുന്നത്. രാത്രി ഭക്ഷണത്തിന് ശേഷം വീണ്ടും അമ്പലത്തില്‍ പോകാം. വല്യന്നത്തിന്‍റെ  ചട്ടത്തില്‍ കുത്തിയിരിക്കാം . ചൂട്ടിട്ടതിനു  ശേഷം കൂവാന്‍ പാടില്ല  എന്നാണ്. പണ്ട് മീന്‍കാര്‍  പോലും അമ്പലപരിസരത്ത് വരുമ്പോള്‍ കൂവാറില്ലായിരുന്നു. ചൂട്ടിട്ടതിനു ശേഷം ആയിരുന്നു  പുത്തന്‍ അന്നത്തിനുള്ള മരം വെട്ടിയിരുന്നത്.

10 October, 2010

2010 ലെ നീലംപേരൂര്‍ പടയണിയില്‍ ദൃശ്യ മാധ്യമങ്ങളുടെ സാന്നിധ്യം

താഴെ കാണുന്ന രണ്ടു വീഡിയോകളിലായി ഇന്ത്യവിഷന്‍, അമൃത, ജയ്‌ ഹിന്ദ്‌ ചാനല്‍ എന്നീ ദൃശ്യ മാധ്യമങ്ങള്‍ നീലംപേരൂര്‍ പടയണിയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചതായി കാണാം.  രണ്ടാമത്തെ വീഡിയോയില്‍ അമൃത, ജയ്‌ ഹിന്ദ്‌ എന്നീ ചാനെലുകള്‍ക്ക് വിവരണം നല്‍കുന്നത് അജയ് പൂന്തോട്ടം ആണ്.  പടയണി ജീവതാളമാക്കിയ അജയ് യുടെ വിവരണം അതി ഗംഭീരമായിട്ടുണ്ട്.






02 October, 2010

വേറിട്ട കാഴ്ചകള്‍

 ലേഖകന്‍: സജിത് നീലംപേരൂര്‍


നീലമ്പേരൂര്‍ നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു കൊച്ചു ഉള്‍നാടന്‍ ഗ്രാമമാണ്‌. ഇവിടുത്തെ നാട്ടുകാരും കളങ്കമില്ലാത്ത മനസിന്റെ ഉടമകള്‍ ആണ്. പടയണിയാണ് നാടിന്‍റെ ഏറ്റവും വലിയ ഉത്സവം. ജാതി മത ഭേദമെന്യേ എല്ലാവരും ഒത്തുചേരുന്ന ഒരു സന്ദര്‍ഭം. എന്നാല്‍ പടയണി തന്‍റെ  ജീവവായു ആക്കിയ ഒരാളാണ് നമ്മുടെ "കാ" (ഇടതുംപറമ്പില്‍ കരുണാകരന്‍). പടയണി ആചാര്യന്‍ ആയ അദ്ദേഹത്തിന്റെ ഇഷ്ടവിനോദം ഒഴിവു സമയങ്ങളില്‍ കാര്‍ഡ് ബോര്‍ഡില്‍ വല്യന്നം ഉണ്ടാക്കലാണ്. കുടുംബപരമായ ബാദ്ധ്യതകളില്‍  ഉഴലുന്ന ഇദ്ദേഹം തന്റെ വിരസത അകറ്റുന്നത് പടയണി താളത്തില്‍ ആണ്. കഴിഞ്ഞ വര്‍ഷം  ഒരു വല്യന്നം തിരുനട സമര്‍പ്പണം നടത്തിയപ്പോള്‍ ആരും കരുതിക്കാണില്ല വീണ്ടും ഇതുപോലൊന്ന് സംഭവിക്കും എന്ന്, എന്നാല്‍ എല്ലാവരുടെയും ചിന്താശക്തിയെ വ്യര്‍ത്ഥമാക്കികൊണ്ട്  ഈ വര്‍ഷവും നിറപണിയില്‍ മുന്‍പനായ ഒരു വല്യന്നം  ദേവി സന്നിധിയില്‍ ആടിയുലഞ്ഞു പറന്നെത്തിയിരിക്കുകയാണ്. നിരവധി  പ്രത്യേകതകളോടെയാണ് ഈ വല്യന്നം മാനസസരസില്‍ നിന്നും തിരുനടയില്‍ എത്തിയത്. നിറപണി  അതി ഗംഭീരം. ആരും ഒരു നിമിഷം മതിമറന്നു നോക്കി നില്‍ക്കുന്ന രൂപസൌകുമാര്യം. ചിറകടിച്ചു പറന്നു വരുന്ന അന്നത്തിന്റെ വായില്‍ ആരെയും സ്നേഹവായ്പ്പോടെ നക്കി തുടക്കുവനുള്ള ഇളം ചുവപ്പ് നാക്ക്. ഏതൊരു വ്യക്തിയുടെയും  മനസിനെ ഒരു നിമിഷം പിടിച്ചുനിര്‍ത്തി "ഭയങ്കരം  തന്നെ" എന്ന് ആത്മഗതം മൂളിക്കുന്ന പ്രിയപ്പെട്ട "കായുടെ "കരവൈഭവത്തെ ആകാശത്തെ അമ്പിളിമാമനെ കണ്ടു അന്ധം  വിട്ടു നില്‍ക്കുന്ന ഒരു കുട്ടിയുടെ മനോവ്യപാരത്തോടെ എനിക്കുപമിക്കാന്‍ സാധിക്കൂ .

Related Posts with Thumbnails
Share |