31 March, 2011

ബന്ധുവായ കലാകാരന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങിയ പടയണി കലാകാരന്‍ നിര്യാതനായി


കോട്ടയം: നീലംപേരൂര്‍ പടയണിയുടെ മുഖ്യകലാകാരനും പാട്ടുകാരനുമായ നീലംപേരൂര്‍ മഠത്തില്‍ കൃഷ്ണവിലാസത്തില്‍ ജി. കൃഷ്ണപിള്ള (84) നിര്യാതനായി. ചൊവ്വാഴ്ച അന്തരിച്ച പടയണി കലാകാരന്‍ വില്യാടം ഗോപിനാഥന്‍ നായരുടെ മാതൃസഹോദരനാണ് കൃഷ്ണപിള്ള. ഇന്നലെ ഗോപിനാഥന്‍നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് തിരികെ വീട്ടില്‍ എത്തിയ ഉടന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

പത്തു മാസം മുന്‍പ് പക്ഷാഘാതം വന്നു വീട്ടില്‍ കിടപ്പിലായിരുന്നു. കഴിഞ്ഞ പൂരം പടയണിക്ക് പാടാന്‍ കഴിഞ്ഞില്ലെങ്കിലും കാണിക്കയര്‍പ്പിക്കാന്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ എത്തിയിരുന്നു. കൃഷ്ണപിള്ളയുടെ നിര്യാണത്തോടെ നീലംപേരൂര്‍ ഗ്രാമത്തിന് പടയണിയുടെ രണ്ടു കലാകാരന്‍മാരെയാണ് തൊട്ടടുത്ത ദിവസങ്ങളിലായി നഷ്ടമായത്. വലിയ അന്നങ്ങളുടെ നിറപണിയില്‍ വിദഗ്ധരായിരുന്നു ഇരുവരും. കൃഷ്ണപിള്ള പാട്ടിലും വിവിധ കോലം നിര്‍മിതിയിലും കൂടുതല്‍ മികവു പുലര്‍ത്തിയിരുന്നു. ‘പൂരം പടയണിയുടെ ഐതിഹ്യങ്ങളും ഗാനങ്ങളും” എന്ന  പുസ്തകം രചിച്ചിട്ടുണ്ട്. ദീര്‍ഘകാലം എന്‍എസ്എസ് കരയോഗം സെക്രട്ടറിയായിരുന്നിട്ടുണ്ട്. കഥകളി ചമയങ്ങളുടെ നിര്‍മാണത്തിലും വൈദഗ്ധ്യം നേടിയിരുന്നു.

മനോരമ വാര്‍ത്തയിലേക്ക്‌ ഇവിടെ ക്ലിക്കി പോകാം..

1 comments:

Manoj Kumar PK said...

ആചാര്യ സ്‌മരണ. പടയണി ആചാര്യന്മാരായ വില്യാടത്തില്‍ ഗോപിച്ചേട്ടനും മഠത്തില്‍ കൃഷ്ണപിള്ള ചേട്ടനും ആദരാജ്ഞലികള്‍ ! അവരുടെ വേര്‍പാട്‌ പടയണി ലോകത്തിന് തീരാ ദുഖമായി മാറിയിരിക്കുന്നു. അവരുടെ ആത്മാവിനു നിത്യശാന്തി കിട്ടണമേ എന്ന് പള്ളിഭഗവതിയോടു പ്രാര്‍ത്ഥിക്കുന്നു. അമ്മേ മഹാമായേ !.

Related Posts with Thumbnails
Share |