ചരിത്രം

ചരിത്രം :
1700  വര്‍ഷത്തോളം പഴക്കം ചരിത്രമുള്ള പള്ളി ഭഗവതി ക്ഷേത്രത്തിനു ബുദ്ധ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ബാക്കിയുണ്ടെന്ന് അവകാശപ്പെടാം.  കോട്ടയം ചങ്ങനാശ്ശേരി എം. സി. റോഡിനു  മൂന്നു കിലോമീറ്റര്‍  പടിഞ്ഞാറു  പുരാതന വാസ്തു  പാരമ്പര്യം വിളിച്ചോതുന്ന അതിമനോഹരമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.  ബുദ്ധ സംകാരത്തിന്റെ സുവര്‍ണ്ണ  കാലഘട്ടം എന്നറിയപ്പെടുന്ന (A.D 250-300)  കാലഘട്ടത്തില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. അക്കാലത്തു കേരള ചക്രവര്‍ത്തി ആയിരുന്ന ബാണവര്‍മ്മ അഥവാ ചേരമാന്‍ പെരുമാള്‍ ബുദ്ധമതം സ്വീകരിച്ചു അദ്ദേഹത്തിന്‍റെ അവസാന നാളുകള്‍ നീലപെരൂരില്‍ ചിലവഴിച്ചു എന്ന് പറയപ്പെടുന്നു. കേരളം ഭരിച്ചുകൊണ്ടിരുന്ന കാലത്ത് ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താല്‍ ഹിന്ദുക്കളില്‍ നിന്ന് അദ്ദേഹത്തിന് നിസ്സഹകരണം നേരിടുകയും അവസാനം ഒരു ഹിന്ദു ബുദ്ധ സംവാദം സംഘടിപ്പിക്കാനും അദ്ദേഹം ശ്രമിക്കുകയും ചെയ്തു.  അതിലുണ്ടായിരുന്ന  നിബന്ധന പ്രകാരം ബൌധര്‍ ജയിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കണമെന്നും അഥവാ തിരിച്ചാണെങ്കില്‍ രാജാവ് സ്ഥാനം ഒഴിയണം എന്നുമായിരുന്നു. രണ്ടു പക്ഷത്തെയും പണ്ടിതര്‍ സംവാദത്തില്‍  പങ്കെടുക്കുകയും ഹിന്ദുക്കള്‍ ദക്ഷിണ ഭാരത്തില്‍ നിന്നും  കൊണ്ട് വന്ന ആറു പണ്ഡിതരുടെ സഹായത്തോടെ  സംവാദം ജയിക്കുകയും രാജാവ് സ്ഥാനം ഒഴിഞ്ഞു ബുദ്ധ സന്യാസി ആയി നീലംപേരൂരില്‍ എത്തുകയും അവിടെ ഒരു ബുദ്ധവിഹാരം നിര്‍മിച്ചു താമസിക്കുകയും ചെയ്യുകയുണ്ടായി.

വര്‍ഷങ്ങള്‍ക്ക് ശേഷം ബുദ്ധ സംസ്കാരത്തിന്  പ്രതാപം നഷ്ടപ്പെട്ടു.  ആ സമയത്ത് ഒരു ഹിന്ദു നവോത്ഥാനം ഉണ്ടാകുകയും ദേവീ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. ചേരമാന്‍ പെരുമാള്‍ നീലംപേരൂരില്‍ വരുന്നതിനു മുമ്പ് തന്നെ അവിടെ ഒരു ശിവ ക്ഷേത്രം ഉണ്ടായിരുന്നു. പത്തില്ലത്തില്‍ പോറ്റിമാരുടെ കുടുംബ ക്ഷേത്രമായിരുന്നു  അത് . ശിവന്റെ മറ്റൊരു പേരായ നീലകണ്ടന്റെ  ഊര് എന്നര്‍ത്ഥത്തില്‍ ആ സ്ഥലത്തിന് നീലമ്പേരൂര്‍ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു.

പെരുമാളുടെ വരവ് ഇഷ്ടപ്പെടാത്ത പോറ്റിമാര്‍ ശിവചൈതന്യം ആവാഹിച്ചു ചങ്ങനാശ്ശേരിക്കു അടുത്തുള്ള വാഴപ്പള്ളിയില്‍ സ്ഥാപിക്കുകയും നീലംപേരൂരില്‍ നിന്നും താമസം മാറുകയും ചെയ്തു.  പെരുമാള്‍   തന്‍റെ  ഉപാസനാമൂര്‍ത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത്‌ പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന്‌ വടക്കുവശം വടക്കു   ദര്‍ശനമായി ക്ഷേത്രം നിമ്മിച്ചു ‌ പ്രതിഷ്‌ഠിച്ചു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ചതിനാല്‍  ക്ഷേത്രത്തിന്‌ "പള്ളിഭഗവതി" ക്ഷേത്രമെന്ന്‌ പേരിട്ടു.

ക്ഷേത്രത്തെക്കുറിച്ച് :
വനദുര്‍ഗ്ഗയുടെ  രൂപത്തിലാണ് പ്രധാന പ്രതിഷ്ഠയായ ദേവി വിഗ്രഹം.  ദേവീ ശ്രീകോവിലിനു  പിന്നിലായി തെക്ക് കിഴക്ക് ഭാഗത്ത്‌ നാഗപ്രതിഷ്ഠ കാണാം.  പ്രധാന ക്ഷേത്രത്തിനു വെളിയില്‍ ഗണപതി, ശിവന്‍, അയ്യപ്പന്‍, മഹാവിഷ്ണു, രക്ഷസ്സ് എന്നീ ഉപദേവന്മാരെയും പ്രത്യേകം ശ്രീകോവിലുകളില്‍  പ്രതിഷ്ടിചിരിക്കുന്നു.  കൊല്ലപ്പള്ളി മഠത്തിലെ  നമ്പൂതിരിമാരാണ് ഇവിടെ ശാന്തി. വിശേഷാല്‍ ദിവസങ്ങളില്‍ ആയാംകുടിയിലുള്ള  കണ്ണമ്പള്ളി മനയിലെ തന്ത്രിയെത്തുന്നു. ദിവസവും പൂജയുള്ള ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ വഴിപാടായാണ്  ആദ്യ പൂജ ചെയ്യുന്നത്. രാജവാഴ്ച അവസാനിച്ചപ്പോള്‍ ആ പതിവ് നിര്‍ത്തലാക്കി. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കരിക്കിന്‍വെള്ളത്തില്‍ കൂട്ടുപായസം ആണ് പ്രധാന വഴിപാട്‌.

ഉത്സവങ്ങള്‍:
ധ്വജാദിയും പടഹാടിയുമായ രണ്ടുത്സവങ്ങള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട്. മീനമാസത്തിലെ പൂരം നക്ഷത്രം ഒമ്പതാം ദിവസമായി വരുന്ന വിധത്തില്‍ കൊടിയേറി പത്തു ദിവസത്തെ ഉത്സവവും,  ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞു പതിനാറു ദിവസം നീണ്ടു നില്‍ക്കുന്ന ദേവിയുടെ തിരുനാളായ പൂരം നാളില്‍ ആഘോഷിക്കുന്ന പൂരം  പടയണി മഹോത്സവവും. 
പടയണിയില്‍ ബുദ്ധ ഹിന്ദു സംസ്കര സമന്വയം ദര്‍ശിക്കാം. ചൈനീസ്  സഞ്ചാരി ആയിരുന്ന ഫാഹിയാന്‍ ബീഹരിലുള്ള പട്നയില്‍ നടക്കുന്ന ബുദ്ധ ഉത്സവവുമായി ഈ പടയണിയെ സാമ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ബുദ്ധ കേന്ദ്രമായിരുന്ന ശ്രീമൂലവരത്തു നടന്നിരുന്ന  ആഘോഷങ്ങള്‍ക്കും ഈ പടയണിയുമായി സാമ്യം ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.  പടയണിയിലെ പ്രധാന ആകര്‍ഷണം അന്നങ്ങള്‍, ഭീമന്‍, യക്ഷി, രാവണന്‍,  അമ്പലക്കൊട്ട, സിംഹം,  ആന തുടങ്ങിയ കെട്ടുകാഴ്ചകള്‍ ആണ്. അന്നങ്ങള്‍ ഭക്തര്‍ ദേവിക്ക് വഴിപാടായി നേരുന്നതാണ്.  കരവിരുതിന്‍റെ കമനീയത ഈ പടയണിയില്‍ ഉടനീളം ദര്‍ശിക്കാം.

പടയണി :
ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ പിറ്റേന്ന് അവിട്ടം നാളില്‍ രാത്രി പത്തു മണിയോട് കൂടി ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നു തരുന്ന അഗ്നി പടയണി ആചാര്യന്‍ പടയണി ക്കളത്തിലേക്ക് ആവാഹിച്ചു കരയിലുള്ള ഗൃഹനാഥന്‍മാര്‍    വീടുകളില്‍ നിന്നും തെറുത്തു കൊണ്ട് വരുന്ന ചൂട്ടു  കറ്റകളിലേക്ക് പകരുകയും ഇവ കയ്യിലേന്തി ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തു പടിഞ്ഞാറു ഭാഗത്തുള്ള ചേരമാന്‍ പെരുമാള്‍ സ്മാരകത്തില്‍ ചെന്ന് അനുവാദം ചോദിച്ചു മടങ്ങുന്നതോട് കൂടി   പടയണി ആരംഭിക്കുകയായി.  ഈ ചടങ്ങ് തുടര്‍ന്നുള്ള നാല് ദിവസങ്ങളില്‍ ഇതേ സമയത്ത് നടത്തും. പിന്നീടുള്ള നാല് ദിവസങ്ങളില്‍ കുട പടയണിയാണ്.  തെങ്ങോലയുടെ ഈറളില്‍ നിന്നും ഉണ്ടാക്കുന്ന വാരിയില്‍ ചെത്തിപ്പൂ കൊണ്ട് അലങ്കരിച്ചു കുടയുടെ രൂപത്തിലാക്കും.   എട്ടാംദിവസം കുടംപൂജ കളിയോട് കൂടി കുടനിര്‍ത്തും ഉണ്ടാകും.  അടുത്ത നാല് ദിവസങ്ങളില്‍ പ്ലാവിലക്കൊലങ്ങള്‍ ആണ്. പന്ത്രണ്ടാം ദിവസം ഭീമന്‍, ഹനുമാന്‍, തപസ്വി, തുടങ്ങിയ പ്ലാവിലകോലങ്ങള്‍ എല്ലാം എഴുന്നെള്ളിച്ചു ദേവിയുടെ തിരുമുമ്പില്‍ കൊണ്ട് വന്നു കുടംപൂജ കളി, തോത്താ കളി എന്നിവയോടെ പ്ലാവില നിര്‍ത്ത് ആഘോഷിക്കുന്നു.  പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍ പിണ്ടിയും കുരുത്തോലയും ആണ്. അവസാന രണ്ടു ദിവസങ്ങളില്‍ കലാവിരുതിന്റെ മാസ്മരികതയോടെ അന്നങ്ങള്‍ നിര്‍മ്മിക്കുന്നു.  ആന, ഭീമന്‍, യക്ഷി, രാവണന്‍, അമ്പലക്കൊട്ട, സിംഹം തുടങ്ങിയവയും ത്രിമാന രൂപത്തില്‍ ഉണ്ടാക്കുന്നു.  പൂരം നാളില്‍ രാത്രി പത്തു മണിക്ക് തുടങ്ങുന്ന പടയണി മൂന്നു മണിയോട് കൂടി കൊട്ടിക്കാലാശിക്കുകയും  ജനങ്ങള്‍ അവരവരുടെ വാസസ്ഥലങ്ങളിലേക്ക് പിരിഞ്ഞു പോകുകയും  പതിനാറു ദിവസം വ്രതം അനുഷിടിക്കുന്ന പടയണി ആചാര്യന്‍ ഗുരുസി എന്ന കര്‍മം നിര്‍വഹിക്കുകയും ചെയ്യുന്നതോടെ  ആ വര്‍ഷത്തെ പടയണിക്ക് വിരാമം ആകുകയായി.  രാജ്യത്തും നിന്നും വിദേശത്ത് നിന്നും പലരും ഗവേഷണ സംബന്ധിയായും തീര്‍ഥാടന സംബന്ധിയായും പടയണി ദിവസങ്ങളില്‍ നീലംപേരൂരില്‍ എത്തി ചേരാറുണ്ട്.

പടയണി നിറങ്ങള്‍:
നീലമ്പേരൂര്‍ പടയണിയിലെ നിറങ്ങള്‍ പച്ച , ചുവപ്പ്, മഞ്ഞ ആണ്. ഈ മൂന്നു നിറങ്ങളുടെയും പ്രത്യേകത  ഇവയില്‍ രണ്ടാമത്തെ രണ്ടു നിറങ്ങളും പ്രാഥമിക വര്‍ണങ്ങള്‍ ആണ് എന്നുള്ളത് ആണ്. പച്ച ദ്വിതീയ വര്‍ണം ആണ് .മഞ്ഞയും ചുവപ്പും ചേര്‍ന്നാണ് പച്ച ഉണ്ടാകുന്നത്.കണ്ണിനു കുളിര്‍മ നല്‍കുന്ന നിറം ആണ് പച്ച. നീലമ്പേരൂര്‍ പടയണി കോലങ്ങളുടെ പ്രഥമ നിറം പച്ച ആണ്.  ഇവിടെ മഞ്ഞ പുനര്‍ജനിക്കുന്നത് രാത്രിയിലെ ചൂട്ടുവെട്ടത്തില്‍ ആണ് . വാഴപ്പോളയുടെ  പ്രതലത്തില്‍ നിന്നും  പ്രതിഫലിക്കുന്ന ചൂട്ടുവെട്ടത്തിന് മഞ്ഞ നിറം ആയിരിക്കും. മഞ്ഞ നിറം ഉപയോഗിക്കാതെ, ആ നിമിഷത്തില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് പടയണിയിലെ കല . അതിവിദഗ്ദ്ധമായി  നമ്മുടെ പൂര്‍വികര്‍ ഇതു നമ്മള്‍ക്ക്  കാട്ടിതന്നിരിക്കുന്നു.സ്വര്‍ണ വര്‍ണമാം  അരയന്നം എന്നാണ് പറയുന്നത്.  ഇതില്‍ നിന്നും ചിത്രകലയുടെ ആരംഭത്തില്‍ അല്ലെങ്കില്‍ അതിനു മുന്‍പ് ഉടലെടുത്തതാണ് പടയണി എന്ന് പറയാം.

കഥകളി പതിനെട്ടാം നൂറ്റാണ്ടില്‍ ജന്മം കൊണ്ട ഒരു കലാരൂപം ആണ് .നീലമ്പേരൂര്‍ കഥകളിയില്‍ പ്രാവീണ്യമുള്ള   ഒരു ഗ്രാമം ആയിരുന്നതിനാല്‍ അതിന്‍റെ  സ്വാധീനം പില്‍ക്കാലത്ത് കോലങ്ങളുടെ ചമയങ്ങളില്‍ ഉണ്ടായി എന്ന് വേണം അനുമാനിക്കാന്‍. കോലങ്ങള്‍ കലാകാരന് പൂര്‍ണ സ്വാതന്ത്ര്യം തരുന്നുണ്ട്. ഏതുവിധത്തിലും അതിനെ മാറ്റാം, അന്നതിന്‍റെ   പണി പോലെ ചിട്ട വട്ടങ്ങള്‍ ഇല്ല.   കഥകളി വേഷങ്ങള്‍ പടയണിയിലെ കോലങ്ങള്‍ ഉണ്ടാക്കുന്നതില്‍  ഇന്നുള്ള കലാകാരന്മാരെ സ്വാധീനിച്ചിരിക്കുന്നത് പോലെ തന്നെ പടയണിയിലെ നിറങ്ങള്‍ കഥകളി വേഷങ്ങളെയും സ്വാധീനിച്ചിരിക്കുന്നു. മഹാകവി ഉള്ളൂര്‍ എഴുതിയ കേരള സാഹിത്യ ചരിത്രത്തില്‍ കഥകളിയുടെ പൂര്‍വ രൂപമായിരുന്ന രാമനാട്ടത്തിന്റെ വേഷ വിധാനം തിരഞ്ഞെടുക്കുന്നതില്‍ പടയണി നിറങ്ങള്‍  കൊട്ടാരക്കര തമ്പുരാനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

പ്രകൃതിയില്‍ നിന്നും ശേഖരിക്കുന്ന തടി, കമുകിന്‍ വാരി, വാഴക്കച്ചി, താമരയില, വാഴപ്പോള, ചെത്തിപ്പൂ  എന്നിവ  ഉപയോഗിച്ച് ത്രിമാന ആകൃതിയില്‍ അന്നങ്ങളും കോലങ്ങളും നിര്‍മ്മിക്കുന്നു. അത് തന്നെയാണ് മറ്റു പടയണിയില്‍ നിന്നും ഇതിനുള്ള വ്യത്യാസം. പടയണിയുടെ ഉത്ഭവസ്ഥാനം നീലമ്പേരൂര്‍ ആണെന്ന് വേണം അനുമാനിക്കാന്‍.
Related Posts with Thumbnails
Share |