ചടങ്ങുകള്‍

ചൂട്ടിടീല്‍ ‍:
കരക്കാര്‍   തങ്ങളുടെ  പുരയിടങ്ങളില്‍   നിന്നും  ശേഖരിയ്ക്കുന്ന  ഓലചൂട്ടുകളിലേയ്ക്ക്   ക്ഷേത്ര  ശ്രീകോവിലില്‍  നിന്നും മേല്‍ശാന്തി  നല്‍കുന്ന  കനല്‍  ഊതി  പിടിപ്പിയ്ക്കുന്ന ചടങ്ങാണ്  ചൂട്ടിടീല്‍ . ക്ഷേത്ര  ശ്രീകോവിലില്‍  നിന്നും   ഭഗവതിയെ  അഗ്നി  സ്വരൂപിണിയായി   മതില്‍കെട്ടിനു  പുറത്തു   കുടിയിരുത്തുന്നു  എന്നതാണ്  സങ്കല്പം.


 കുടംപൂജകളി:
പടയണി  കളത്തില്‍  ആഴി  കൂട്ടി  അതിനു  ചുറ്റും  നാട്ടുകാര്‍  വട്ടംകൂടി  പുരാണ കഥകളെ അടിസ്ഥാനമാക്കി  നാടന്‍  പാട്ടുകള്‍  പാടുന്നു. ഇലത്താളം  മാത്രമേ  ഇതിനു പശ്ചാത്തലം  ആയി  ഉപയോഗിക്കുന്നുള്ളൂ. പാട്ടിനിടയില്‍   തീ  ...., തിത്തീ..തിത്തീ  അയ്യത്താ, തിതൈതകതോ , തക തീയോ തകതോ താരോ തികൃതോ തൈ  ....... എന്ന വാ ചൊല്ലില്‍  ഇറങ്ങി  കളി  എന്ന  നൃത്ത ചുവടുകളും  ഉണ്ടാകും.


തോത്ത കളി:
കരനഥന്‍ ചേരമാന്‍  പെരുമാള്‍  സ്മാരകത്തിന്  മുന്‍പിലെത്തി  അനുവാദം വാങ്ങുകയും കരക്കാര്‍ ഹുയ്യോ,, കൂ കൂ എന്നീ ശബ്ദങ്ങളോടെ കൂകിയും, ആര്‍ത്തും വിളിക്കുകയും ചെയ്യുന്നു.  അതിനു ശേഷം  ചെണ്ട  മേളത്തിന്റെ  അകമ്പടിയോടെ പ്രത്യേക  താളത്തില്‍ തോര്‍ത്ത്‌  വീശി  തോത്താ കളി  നടത്തപ്പെടുന്നു.


വേലകളി :
രണ്ടു തെങ്ങോലകളുടെ ഈര്‍ക്കില്‍ കളഞ്ഞു അതിന്റെ ഇരു വശത്തും കൂവയില കൊണ്ട് വേലപിള്ളേരെ ഉണ്ടാക്കി ആറുപേര്‍ കുനിഞ്ഞു നിന്ന്  ചേര്‍ന്ന് പിടിച്ചു ചേട്ടോ കേട്ടോ...എന്നാ പാട്ടു പാടി മുമ്പോട്ടും പുറകോട്ടും താളത്തില്‍ തുള്ളുന്നു. പുറകില്‍ വേലയന്നങ്ങള്‍ തോളിലെടുത്തു ഇതേ താളത്തില്‍  തുള്ളി വരുന്നു. വേലകളിയുടെ പിന്നിലായി   തുള്ളി  കളിയ്ക്കുന്ന വേലയന്നങ്ങള്‍ കാര്‍ഷിക  വൃത്തിയുടെ  നേര്‍ കാഴ്ചകള്‍  ആണ്. വേലകളിയുടെ പാട്ട് പ്രത്യക്ഷത്തില്‍ കാര്‍ഷികവൃത്തിയെ സൂചിപ്പിക്കുന്ന പാട്ടെങ്കിലും പരോക്ഷമായി പറഞ്ഞാല്‍ യോഗശാസ്ത്ര പ്രകാരം മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി സര്‍പ്പ ശക്തിയെ ഉണര്‍ത്തി സുഷുമ്ന, ഇഡ ,  പിംഗള,  നാഡികളിലൂടെ ആറ് ചക്രങ്ങളും ( ആറ് ചുറ്റുകള്‍)   ഭേദിച്ചു ( ചുറ്റുകള്‍ അഴിച്ചു ) മസ്തിഷ്കത്തില്‍ സഹസ്രാര പല്‍മത്തില്‍ (ആയിരം ദളമുള്ള താമര) ശിവനുമായി സംയോജിച്ച് പരമാനന്ദ രസം അനുഭവിക്കാന്‍ സാധിക്കുന്ന അറിവിനെ വളരെ ലളിതമായി പൂര്‍വികര്‍ പറഞ്ഞു തന്നതാണെന്നു കാണാം. 


കുടനിര്‍ത്ത് :
പടയണിയുടെ  രണ്ടാംഘട്ടം  അവസാനിപ്പിക്കുന്ന ദിവസം എട്ടാം നാള്‍ കുടനിര്‍ത്ത് ആഘോഷിക്കുന്നു. കുടപൂജ കളി, തോത്ത കളി എന്നിവയ്ക്ക് ശേഷം പൂമരം, തട്ടുകുട, പാറാവളയം, പൂങ്കുടകള്‍ എന്നിവ ദേവീ സാന്നിധിയില്‍  എഴുന്നെള്ളിക്കുന്നു.


പ്ലാവിലനിര്‍ത്ത്:
മൂന്നാംഘട്ടത്തിന്‍റെ അവസാന ദിവസമായ പന്ത്രണ്ടാം നാള്‍ കുടംപൂജകളി, തോത്ത കളി എന്നിവയോട് കൂടി ആരംഭിച്ച് താപസന്‍, ആന,  ഹനുമാന്‍, ഭീമന്‍ എന്നീ പ്ലാവില കോലങ്ങള്‍ ദേവീ സാന്നിധിയില്‍ എഴുന്നെള്ളിക്കുന്നു.


മകം  പടയണി:
15  ആം  നാളില്‍ ആണ്   മകം  പടയണി. നാള്  നീക്കത്തില്‍  മാറ്റം  വരാറുണ്ട്. അമ്പലക്കോട്ട ആണ്  അടിയന്തിര  കോലം. അമ്പലത്തിന്റെ  മാതൃകയില്‍ വാഴപ്പോളയില്‍ നിര്‍മ്മിയ്ക്കുന്ന രൂപമാണ്‌  അമ്പലക്കോട്ട . അന്ന്  കുടംപൂജ  കളി, തോത്ത കളി, തുടങ്ങിയവ  ഉണ്ടാകും. മകം നാളില്‍  വേലകളി  എന്ന  വിശേഷപ്പെട്ട ചടങ്ങ് നടത്തപ്പെടുന്നു. പടയണി  കളത്തില്‍  അന്നം  കെട്ട്കാഴ്ചകള്‍ പ്രത്യക്ഷപ്പെടുന്നത് മകം  നാളില്‍  ആണ്.  അയ്യയ്യ തെതെതക തീതീ  തക  തെയ്തോ    എന്ന  വഞ്ചിപ്പാട്ട്  താളത്തില്‍  അമ്പലക്കോട്ട നടയില്‍ എത്തുന്നതോടെ  മകം പടയണിക്ക്  സമാപനം  ആകുന്നു.


പൂരം  പടയണി  
16  ആം  നാളിലാണ്‌   പള്ളി  ഭഗവതിയുടെ  പിറന്നാളായ  പൂരം  പടയണി. അന്നത്തെ അടിയന്തിര കോലം  ദേവി  വാഹനം  ആയ  സിംഹം  ആണ്. താമര  ഇലയും, വാഴപ്പോളയും, ചെത്തിപൂവും   ഒരുക്കുന്ന വര്‍ണ്ണ   വൈവിധ്യങ്ങളുടെ   സമ്മേളനത്തില്‍ രാവണന്‍,  ഭീമന്‍,  യക്ഷി ,തുടങ്ങിയ   കോലങ്ങളും  അന്നം   കെട്ടുകാഴ്ചകളും  അമ്പല നടയില്‍  എഴുന്നള്ളുന്നു.


വിളക്കിതിരിയും, ചോറും:
ആളൊഴിഞ്ഞ   പടയണി  പറമ്പില്‍  ആല്‍ച്ചുവട്ടില്‍  നോയമ്പ്  എടുത്ത  ആള്‍ വിളക്കിതിരിയും, ചോറും വൈക്കുന്നതോടെ  പടയണി  കളത്തില്‍  നിന്നും  ഭഗവതി ശ്രീലകത്തെയ്ക്ക്    മടങ്ങുന്നു.

അടിയന്തിരകോലങ്ങള്‍ :  

പടയണിയുടെ    ഓരോ  രാവിലും  എഴുന്നള്ളിയ്ക്കേണ്ട  കോലങ്ങള്‍  അടിയന്തിര കോലങ്ങള്‍ എന്നാണ്  അറിയപ്പെടുന്നത്. ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ചൂട്ടും അഞ്ചാം നാള്‍ പൂമരവും, ആറാം നാള്‍ തട്ടുകുട, ഏഴാം നാള്‍ പാറാവളയം എട്ടാം നാള്‍ പൂങ്കുട ഇവയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലെ അടിയന്തിരകോലങ്ങള്‍ . ഒമ്പതാം നാള്‍ പ്ലാവിലകൊണ്ടുള്ള താപസന്‍ ‍, പത്താം നാള്‍ ആന, പതിനൊന്നാം നാള്‍ ഹനുമാന്‍ ‍, പന്ത്രണ്ടാം നാള്‍ ഭീമന്‍ എന്നിവയാണ് അടിയന്തിരകോലങ്ങള്‍ . പതിമൂന്നാം ദിവസം കൊടിക്കൂറയും പതിനാലാം ദിവസം പിശാചും. പതിനഞ്ചാം ദിവസം മകം പടയണിയില്‍ അമ്പലക്കോട്ടയും. പതിനാറാം ദിവസം പൂരം പടയണിയില്‍ സിംഹവുമാണ് അടിയന്തിരകോലങ്ങള്‍ .
Related Posts with Thumbnails
Share |